തിരുവനന്തപുരം: ആത്മഹത്യാ ഭീഷണി മുഴക്കി മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് വ്യാജ ഫോൺ സന്ദേശം. സെക്രട്ടേറിയറ്റ് അനക്സ് രണ്ട് മന്ദിരത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയാണെന്നറിയിച്ച് ഒരു സ്ത്രീയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫോൺ ചെയ്തത്. ഫയർഫോഴ്‌സ് എത്തി പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
ആത്മഹത്യ ഭീഷണി: മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വ്യാജ ഫോൺ സന്ദേശം - വ്യാജ ഫോൺ സന്ദേശം
വിളിച്ച ഫോണിന്‍റെ നമ്പർ ലഭ്യമായിട്ടുണ്ടെന്നും വ്യാജ സന്ദേശമാണോ എന്ന കാര്യം പരിശോധിക്കുമെന്നും അധികൃതർ
വൈകുന്നേരം അഞ്ച് മണിയോട് കൂടിയാണ് ആത്മഹത്യ ഭീഷണിയുമായി ഫോൺ സന്ദേശമെത്തിയത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയടക്കമുള്ളവരുടെ ഓഫീസ് പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റ് അനക്സ് രണ്ട് മന്ദിരത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയാണെന്നായിരുന്നു സന്ദേശം. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫയർഫോഴ്സിനും പൊലീസിനും വിവരം കൈമാറി. ഫയർഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയതോടെ ഓഫീസിലെ ജീവനക്കാരും വഴിയാത്രക്കാരും പരിഭ്രാന്തരായി. ഒടുവിൽ ഫയർഫോഴ്സ് അധികൃതരുടെ വിശദീകരണത്തോടെയാണ് പരിഭ്രാന്തിക്ക് അയവു വന്നത്.
ഒരു സ്ത്രീയാണ് ഫോണിൽ വിളിച്ചതെന്നാണ് ഫയർഫോഴ്‌സ് വ്യക്തമാക്കുന്നത്. വിളിച്ച ഫോണിന്‍റെ നമ്പർ ലഭ്യമായിട്ടുണ്ടെന്നും വ്യാജ സന്ദേശമാണോ എന്ന കാര്യം പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.