തിരുവനന്തപുരം :മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ കേരള സർവകലാശാല തീരുമാനിച്ചു. ചൊവ്വാഴ്‌ച ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. സർവകലാശാലയ്ക്ക് കീഴിൽ പഠിക്കാനോ പരീക്ഷ എഴുതാനോ ഇനി നിഖിലിന് കഴിയില്ല.
എം എസ് എം കോളജ് അധികൃതരെ വിളിച്ചുവരുത്താനും ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. കോളജ് അധികാരികളെയും ചുമതലയിലുണ്ടായിരുന്നവരെയും വിളിച്ചുവരുത്തും. വിശദീകരണം തേടുന്നതിനായി പ്രത്യേക സമിതിയെ നിശ്ചയിച്ചു.
സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ പ്രത്യേക സെല്‍ : രജിസ്ട്രാർ, കൺട്രോളർ , ഐക്യുഎസി കോ ഓർഡിനേറ്റർ എന്നിവർ ഉൾപ്പെട്ടതാണ് സമിതി. സംസ്ഥാനത്തിന് പുറത്തുള്ള സർട്ടിഫിക്കറ്റുകൾ വിശദമായി പരിശോധിക്കും. ഇതിനായി പ്രത്യേക സെൽ രൂപീകരിച്ചു.
വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോമിന് പ്രവേശനം നേടിയ എസ് എഫ് ഐ നേതാവ് നിഖിലിന്‍റെ അറസ്‌റ്റിന് പിന്നാലെയാണ് കേരള സർവകലാശാലയുടെ നടപടി. നിഖിലിനെ വ്യാജ സർട്ടിഫിക്കറ്റ് നേടാൻ സഹായിച്ച സുഹൃത്തായ അബിൻ സി രാജിനെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സംഭവത്തിൽ സർവകലാശാല സിൻഡിക്കേറ്റ് യോഗം ചേർന്ന് നടപടി സ്വീകരിക്കുമെന്ന് വി സി മോഹൻ കുന്നുമ്മൽ നേരത്തെ തന്നെ പറഞ്ഞിരുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്‌എഫ്‌ഐ കായംകുളം മുൻ ഏരിയ സെക്രട്ടറി നിഖില്‍ തോമസിനെതിരെ ജൂണ്‍ 20ന് പൊലീസ് കേസെടുത്തിരുന്നു. വ്യാജരേഖ ചമയ്‌ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കായംകുളം എംഎസ്‌എം കോളജാണ് പൊലീസിന് പരാതി നല്‍കിയത്.
അബിന്‍ സി രാജിനെ ചോദ്യം ചെയ്‌ത് പൊലീസ്:സംഭവത്തിൽ, എംഎസ്‌എം കോളജ് പ്രിൻസിപ്പാള്‍, അധ്യാപകർ എന്നിവരുടെ മൊഴിയെടുത്തു. കോളജിൽ എത്തിയാണ് പൊലീസ് മൊഴിയെടുത്തത്. നിഖിലിനെ വ്യാജ സർട്ടിഫിക്കറ്റ് നേടാൻ സഹായിച്ച സുഹൃത്തായ അബിൻ സി രാജിനെ നിലവിൽ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്.
കായംകുളം എംഎസ്എം കോളജിൽ എം കോമിന് ചേരാൻ നിഖില്‍ തോമസ് ഹാജരാക്കിയ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്‌റ്റ് എന്നിവ നിഖിലിന്‍റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. കായംകുളം മാർക്കറ്റ് റോഡിലുള്ള വീട്ടിൽ പൊലീസ് നിഖിലുമായി നടത്തിയ തെളിവെടുപ്പിലാണ് സർട്ടിഫിക്കറ്റ് കണ്ടെത്തിയത്. വ്യാജ സർട്ടിഫിക്കറ്റ് ശരിയാക്കി നൽകിയ എറണാകുളം പാലാരിവട്ടത്തുള്ള ഒറിയോൺ എന്ന സ്വകാര്യ ഏജൻസിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി വരികയാണ്.
സര്‍ട്ടിഫിക്കറ്റിന് പ്രതിഫലം നല്‍കിയത് രണ്ട് ലക്ഷം:കലിംഗ സർവകലാശാലയിൽ നിന്നും ബി കോം ഫസ്‌റ്റ് ക്ലാസില്‍ പാസായതായുള്ള സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ് എന്നിവ ഉൾപ്പടെയാണ് പൊലീസ് കണ്ടെത്തിയത്. നിഖിലിന്‍റെ സുഹൃത്തും എസ്എഫ്ഐ കായംകുളം മുൻ ഏരിയ പ്രസിഡണ്ടുമായ അബിൻ സി രാജ് എറണാകുളം ഒറിയോൺ ഏജൻസി വഴിയാണ് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയതെന്ന് നിഖിൽ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിനായി നിഖിൽ തോമസ് രണ്ട് ലക്ഷം രൂപ അബിന്‍റെ അമ്മയുടെ അക്കൗണ്ടിലേക്ക് നൽകിയതായും കണ്ടെത്തി.
ബാങ്ക് രേഖകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിഖിലിന്‍റെ മൊഴി പ്രകാരം അബിനെയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്. അബിൻ രാജ് ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് പലർക്കും നൽകിയിട്ടുണ്ടെന്നാണ് സൂചന.