തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥിനി ഡോ. ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണം ഡോ. റുവൈസാണെന്ന് ഉറപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ് (dr shahana death). ആത്മഹത്യ ചെയ്യുകയാണെന്ന് മരണ ദിവസം ഷഹന വാട്‌സ് ആപ്പിലൂടെ ഡോ. റുവൈസിന് സന്ദേശം അയച്ചിരുന്നു. പക്ഷെ മെസേജ് കിട്ടിയ ഡോ. റുവൈസ് ഷഹനയെ വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തുവെന്നും പൊലീസ് പറഞ്ഞു.
തിങ്കളാഴ്‌ച (ഡിസംബര്‍ 4) രാവിലെ 9 മണിക്കാണ് മെസേജ് അയച്ചത്. എന്നാല്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഈ സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്‌തു. എന്നാല്‍ ഷഹനയുടെ ഫോണില്‍ നിന്നും മെസേജിന്‍റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഡോ. ഷഹനയുടെ മരണത്തിന് ഉത്തരവാദി ഡോ. റുവൈസാണെന്നാണ് പൊലീസ് എഫ്ഐആറില്‍ ഉളളത്. റുവൈസിനെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്‌തിരുന്നു. റുവൈസിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പുകള്‍ വേഗത്തിലാക്കി കേസിന്‍റെ കുറ്റപത്രം സമയബന്ധിതമായി നല്‍കാനാണ് പൊലീസിന്‍റെ തീരുമാനം. കേസില്‍ റുവൈസിന്‍റെ ബന്ധുക്കളെ കൂടിപ്രതിചേര്‍ക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കൊളജില്‍ സര്‍ജറി വിഭാഗത്തില്‍ പിജി ചെയ്‌തിരുന്ന വെഞ്ഞാറമൂട് സ്വദേശിനി ഡോ ഷഹനയെ ഡിസംബർ അഞ്ചിനാണ് രാവിലെ ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കൊളജിന് സമീപം ഫ്ലാറ്റില്‍ താമസിച്ചിരുന്ന ഡോക്‌ടര്‍ സമയമായിട്ടും ആശുപത്രിയില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഫ്ലാറ്റില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് ഷഹനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.