തിരുവനന്തപുരം :സംസ്ഥാനത്ത് പിടികൂടുന്ന എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളില്‍ ഭൂരിഭാഗവും വിൽപ്പനക്കായി എത്തിക്കുന്നവയാണെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി എ സലിം. 10 ഗ്രാമില്‍ കൂടുതല്‍ എംഡിഎംഎ കൈവശം വച്ചിരുന്നാല്‍ അതിനെ വാണിജ്യ അടിസ്ഥാനത്തിലെന്നാണ് കണക്കാക്കുന്നത്. ഉപയോഗിക്കുന്നവര്‍ ഇത്രയും വലിയ അളവില്‍ എംഡിഎംഎ കൈവശം സൂക്ഷിക്കാറില്ലെന്നും ഇപ്പോള്‍ സംസ്ഥാനത്ത് പിടികൂടുന്നതിലേറേയും ഇത്തരത്തില്‍ വലിയ അളവില്‍ കൈവശം വച്ചിരിക്കുന്നവരാണെന്നും വി എ സലിം പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം അമരവിളയില്‍ പിടികൂടിയത് 45 ഗ്രാം എംഡിഎംഎയാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അമരവിളയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ബസുകളിലാണ് ഇവയെത്തിക്കുന്നത്. 0.5 ഗ്രാം എംഡിഎംഎ കൈവശം വച്ചാല്‍ 10 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ജാമ്യമില്ലാത്ത ശിക്ഷയായി ലഭിക്കും.
10 ഗ്രാമില്‍ കൂടുതലായാല്‍ 10 മുതല്‍ 20 വര്‍ഷം വരെ ശിക്ഷ ലഭിക്കും. ആറ് മാസം കഴിഞ്ഞ് മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. 1 ഗ്രാം പോലും ഒരുപാട് പേര്‍ക്ക് ഉപയോഗിക്കാം. അതിനാല്‍ വിൽപ്പനക്കാര്‍ മാത്രമേ ഇത്രയും വലിയ അളവില്‍ മയക്ക് മരുന്ന് കൈവശം വയ്ക്കുകയുള്ളൂവെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വ്യക്തമാക്കി.
മയക്കുമരുന്ന് വേട്ട കാര്യക്ഷമമായി സംസ്ഥാനത്ത് നടക്കുന്നുണ്ട്. അതിനാലാണ് മയക്കുമരുന്ന് പിടികൂടിയെന്ന വാര്‍ത്തകള്‍ അധികമായി വരുന്നത്. കടകള്‍ കേന്ദ്രീകരിച്ചല്ല മയക്കുമരുന്ന് വിൽപ്പന നടക്കുന്നത്. ഇന്‍റർനെറ്റ് വഴിയാണ് ഇതിന്‍റെ വിൽപ്പന. സോഷ്യല്‍ മീഡിയ വഴിയും ഡാര്‍ക്ക് വെബ് പോലുള്ള സംവിധാനങ്ങളിലൂടെയുമാണ് മയക്കുമരുന്ന് വിൽപനകളില്‍ ഏറെയും നടക്കുന്നത്.