തിരുവനന്തപുരം:മയക്കുമരുന്ന് കേസുകളിലെ പ്രതികളെ കരുതൽ തടങ്കലിൽ വയ്ക്കുമെന്നറിയിച്ച് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. എൻഡിപിഎസ് ആക്‌ടിലെ വകുപ്പുകൾ അടിസ്ഥാനമാക്കിയാണ് പ്രതികളെ ഇത്തരത്തിൽ കരുതൽ തടങ്കലിൽ പാർപ്പിക്കുക. 63 പ്രതികളെ ഇത്തരത്തിൽ കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി നിയമസഭയിൽ ചോദ്യോത്തര വേളയിൽ വ്യക്തമാക്കി.
ലഹരി വസ്‌തുക്കളുടെ ഉത്പാദനം, വിപണനം, കൈമാറ്റം എന്നിവ തടയുക എന്നതാണ് കരുതൽ തടങ്കലിലൂടെ ലക്ഷ്യമിടുന്നത്. ഇതിലുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മയക്കു മരുന്നുകളുടെ വിതരണം എക്സൈസ് വകുപ്പ് മറ്റു വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധനകൾ നടത്തുന്നുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി രഹസ്യ വിവരങ്ങൾ വേഗത്തിൽ കൈമാറുകയാണ്. അതിലൂടെ പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാം എന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു.