തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് ലഭിച്ചു. ചോദ്യപ്പേപ്പര്‍ ചോര്‍ന്നത് യൂണിവേഴ്സിറ്റി കോളജില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് വ്യക്തമായി. ചോര്‍ച്ചക്ക് പിന്നില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ അധ്യാപകരുടെയോ ജീവനക്കാരുടെയോ സഹായം ലഭിച്ചിരിക്കാമെന്നും കേസ് അന്വേഷിക്കുന്ന ക്രൈബ്രാഞ്ച് ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് വിവരം ലഭിച്ചു.
പി.എസ്.സി പരീക്ഷാ തട്ടിപ്പ്, ചോദ്യപേപ്പര്‍ ചോര്‍ന്നത് യൂണിവേഴ്സിറ്റി കോളജില്‍ നിന്ന്
പി.എസ്.സി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്
കഴിഞ്ഞവര്‍ഷം ജൂലൈ 22ന് നടന്ന് കെഎപി 4 ബറ്റാലിയന്‍ സിവില്‍ പൊലീസ് പരീക്ഷയിലാണ് യൂണിവേഴ്‌സിറ്റി കോളജിലെ കുത്ത് കേസ് പ്രതികളും എസ്എഫ്എഐ നേതാക്കളുമായ ശിവരഞ്‌ജിത്, പ്രണവ്, നസീം എന്നിവര്‍ ക്രമക്കേട് നടത്തിയതായി പിഎസ്‌സി വിജിലന്‍സ് കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആരംഭിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന്‍റെ ആദ്യ ദിനം തന്നെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നാണ് സംഘം ചോര്‍ത്തിയതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇതിനു പിന്നില്‍ അധ്യാപകരുടെയോ ജീവനക്കാരുടെയോ സഹായം ലഭിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. ഇവരെ കണ്ടെത്താനുള്ള അന്വേഷണവും ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്.
ചോദ്യപേപ്പര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് കടത്തിയ ശേഷം യൂണിവേഴ്‌സിറ്റി കോാളേജില്‍ നിന്ന് തൊട്ടടുത്തുള്ള എസ്എഫ്ഐ മാത്രമുള്ള സംസ്‌കൃത കോളേജില്‍ എത്തിച്ചു. ഇവിടെ വച്ച് ഗൂഗിളിലും റാങ്ക് ഫയലുകളിലും നോക്കി സംഘം ഉത്തരങ്ങള്‍ എസ്എംഎസ് ആയി ശിവരഞ്‌ജിത്, പ്രണവ്, നസീം എന്നിവര്‍ക്ക് അയച്ചു കൊടുത്തു. ഇത്തരത്തില്‍ അയച്ചു കൊടുത്ത മൂന്ന് പേരെയും തിരിച്ചറിഞ്ഞു. ഇതിലൊരാള്‍ തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ ഗോകുല്‍ വിഎം ആണെന്നും കണ്ടെത്തി. റാങ്ക് ലിസ്റ്റില്‍ രണ്ടാം സ്ഥാനക്കാരനായ പ്രണവും ഗോകുലും അയല്‍വാസികളും തിരുവനന്തപുരം കല്ലറ സ്വദേശികളുമാണ്. ഉത്തരങ്ങള്‍ അയച്ചു കൊടുത്ത മൂന്ന് പേരുടേയും ടവര്‍ ലൊക്കേഷന്‍ സൈബര്‍ സെല്‍ പരിശോധിച്ചു. പരീക്ഷ നടന്ന ദിവസം മൂവരുടെയും ടവര്‍ ലൊക്കേഷന്‍ പാളയം ഭാഗത്താണെന്നും കണ്ടെത്തി. ഉത്തരങ്ങള്‍ അയച്ചു കൊടുത്തവരും റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ പ്രണവും ഒളിവിലാണ്. യൂണിവേഴ്‌സിറ്റി കോളജ് കുത്തു കേസിലെ 17-ാം പ്രതികൂടിയായ ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. റാങ്ക് ലിസ്റ്റിലെ ഒന്നാം സ്ഥാനക്കാരന്‍ ശിവരഞ്‌ജിത്, 22-ാം സ്ഥാനക്കാരന്‍ നസീം എന്നിവര്‍ കുത്തുകേസില്‍ പൊലീസ് അറസ്റ്റ് ചെയ്‌ത് ജയിലിലാണ്.