തിരുവനന്തപുരം:വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുന്ന നാളെ (ഒക്‌ടോബർ 15) ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ലത്തീന്‍ അതിരൂപത ബിഷപ്പ് ഫാ. യൂജിന്‍ പെരേര (Eugine Perera On Vizhinjam Port). അനുവാദമില്ലാതെ അതിരൂപത അധ്യക്ഷന്‍ തോമസ് ജെ നെറ്റോ, സൂസപാക്യം എന്നിവരുടെ പേരുകള്‍ ഉദ്ഘാടനത്തിന്‍റെ നോട്ടിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് ഫാ. യൂജിൻ പെരേര (Eugine Perera) പറഞ്ഞു.
ആദ്യമായിട്ടായിരിക്കാം ഒരു സര്‍ക്കാര്‍ പരിപാടിയില്‍ ഇങ്ങനൊരു സംഭവം. സഭയിലുള്ളവരുടെ പേരുകള്‍ ജനങ്ങളുടെ മുന്നില്‍ പുകമറ സൃഷ്‌ടിക്കാന്‍ ഉപയോഗിച്ചത് നിരുത്തരവാദിത്വപരവും ഭരണ സംവിധാനത്തിന്‍റെ വിഴ്‌ചയുമാണ്. തുറമുഖത്തിന്‍റെ പുലിമുട്ട് പോലും പൂര്‍ത്തിയാക്കിയിട്ടില്ല. ക്രെയിന്‍ വരുന്നത് എന്തിന് വേണ്ടി ആഘോഷിക്കുന്നു എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. (Vizhinjam Port Inauguration)
അനുവാദമില്ലാതെ സഭയിലുള്ളവരുടെ പേര് ഉദ്ഘാടനത്തിന് ഉള്‍പ്പെടുത്തി. വിഴിഞ്ഞം ഇടവക നാളെ കരിദിനം ആചരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ മന്ത്രിമാരുടെ സംഘം അവിടെയെത്തി. നാളെ വഞ്ചന ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് പലരും സമീപിച്ചു, അതെല്ലാം നിരുത്സാഹപ്പെടുത്തി. വലിയ സാമ്പത്തിക ബാധ്യത സര്‍ക്കാരിനുണ്ട്.
ദിവസം തോറും മുങ്ങുന്ന കപ്പല്‍ പോലെയാണ് നമ്മുടെ നാടിന്‍റെ സാമ്പത്തിക സ്ഥിതി. ഈ അവസരത്തില്‍ ഇത്ര ആഘോഷമായി ക്രെയിന്‍ കൊണ്ട് വരുന്ന കപ്പലിനെ സ്വീകരിക്കുന്നത് ലോകത്തെങ്ങും കേട്ട് കേള്‍വിയില്ലാത്ത കാര്യമാണ്. ഉദ്യോഗസ്ഥര്‍ക്ക് ക്രെയിന്‍ ഇറക്കിവെയ്ക്കാന്‍ കഴിയും. വിഴിഞ്ഞം (Vizhinjam) മറ്റൊരു മുതലപ്പൊഴിയായി മാറും. വാണിജ്യ തുറമുഖത്തിന്‍റെ നിര്‍മാണം തന്നെ കടലില്‍ നിന്നും കരയിലേക്ക് വരുന്ന മത്സ്യത്തൊഴിലാളികളെ ബാധിക്കും.