തിരുവനന്തപുരം: നെയ്യാർ ലയൺ സഫാരി പാർക്കിൽ നിന്ന് ചാടിയ കടുവ അവസാനം വനപാലകരുടെ മയക്കുവെടിയിൽ മയങ്ങി. പാർക്കിലെ കൂടു തകർത്ത് പുറത്തുചാടിയ കടുവയെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് മയക്കുവെടിവെച്ച് കൂട്ടിലാക്കാൻ കഴിഞ്ഞത്. വയനാട്ടിലെ ആദിവാസി കോളനികളിൽ ജനജീവിതത്തിന് ഭീഷണിയായ കടുവയെ വനപാലകർ പിടികൂടി കഴിഞ്ഞ വ്യാഴാഴ്‌ചയാണ് നെയ്യാർ ഡാമിലെ സഫാരി പാർക്കിൽ എത്തിച്ചത്. കൂട്ടിനുള്ളിലെ കടുവ കൂട് തകർത്തു പുറത്തുചാടിയ വിവരം ഇവിടത്തെ ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടത് ഇന്നലെ ഉച്ചയോടെയാണ്. തുടർന്ന് വിവരമറിഞ്ഞെത്തിയ വനപാലകർ എത്തിയപ്പോഴേക്കും കടുവയെ കാണാനില്ലായിരുന്നു. ഈ വാർത്ത തുടർന്ന് കാട്ടുതീ പോലെ നാട്ടിലും പരന്നു.
കൂടുതൽ വായിക്കാൻ:കാണാതായ കടുവയ്ക്കായുള്ള തെരച്ചില്‍ ഊര്‍ജിതം
മണിക്കൂറുകൾ നീണ്ട തെരച്ചിലിനു ശേഷം സഫാരി പാർക്കിൽ തന്നെ കടുവയെ കണ്ടെത്തുകയായിരുന്നു. ഇത് നേരിയ പ്രതീക്ഷ നൽകിയെങ്കിലും സിംഹ സഫാരി പാർക്കിലെ മതിലിന്‍റെ പൊക്കവും പാർക്കിനോട് ചേർന്നു കിടക്കുന്ന നെയ്യാർ റിസർവോയറും കടുവയുടെ രക്ഷപ്പെടലിന് സഹായകമാകുമെന്ന വിലയിരുത്തൽ പിടികൂടുന്ന കാര്യത്തിൽ ഉന്നതതല ചർച്ചയ്ക്ക് ഇടവരുത്തി. തുടർന്ന് മയക്കുവെടി വയ്ക്കുന്നതിനെ കുറിച്ച് തീരുമാനം എടുത്തെങ്കിലും വീണ്ടും കടുവ അപ്രത്യക്ഷമായത് വനപാലകരെയും നാട്ടുകാരെയും ആശങ്കയിലാക്കി. ഇരുട്ടു വീണതിനെ തുടർന്ന് വനപാലകർ തെരച്ചിൽ അവസാനിപ്പിച്ചെങ്കിലും കടുവ ജനവാസ കേന്ദ്രത്തിലേക്ക് വരാനുള്ള വഴികൾ വനപാലകരുടെ നിരീക്ഷണത്തിലാക്കി.
രാവിലെ വിദഗ്‌ധ ഡോക്ടർമാരുടെ സേവന സഹായം ഉറപ്പുവരുത്തി കൊണ്ടായിരുന്നു വനപാലകർ കടുവക്കായുള്ള തെരച്ചിൽ ആരംഭിച്ചത്. കടുവയെ കെണിയിൽ വീഴ്ത്താനുള്ള ആടിനെയും കൂടും വനപാലകർ ഇവിടെ ഒരുക്കിയിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമഫലമായി ഉച്ച തിരിഞ്ഞ് മയക്കുവെടി വച്ച് പിടികൂടി. പത്തുവയസുകാരി കടുവയെ നെയ്യാർസിംഹ സഫാരി കൂട്ടിൽ സുരക്ഷിതമായി വനപാലകർ അടച്ചു.