തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മത്സരങ്ങൾക്ക് കാഹളമുയരാൻ ഇനി വെറും ഒരു ദിവസത്തെ കാത്തിരിപ്പ് മാത്രം. അതേസമയം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് സന്നാഹ മത്സരങ്ങൾക്ക് വിനോദ നികുതി ഒഴിവാക്കിയതായി മന്ത്രി എം ബി രാജേഷ്. ടിക്കറ്റ് നിരക്കിന്‍റെ 24 ശതമാനം മുതൽ 48 ശതമാനം വരെ വാങ്ങാനാകുന്ന വിനോദ നികുതിയാണ് പൂർണമായി ഒഴിവാക്കുന്നത് (Entertainment tax waived for world cup warm-up match).
അതേസമയം കാര്യവട്ടത്ത് ഇതിന് മുൻപ് നടന്ന രണ്ട് മത്സരങ്ങൾക്കും 12 ശതമാനവും 5 ശതമാനവും വീതം വിനോദ നികുതി ഈടാക്കിയിരുന്നു. പ്രതികൂല സാമ്പത്തിക സാഹചര്യങ്ങള്‍ക്കിടയിലും കായികപ്രേമികളുടെ അഭ്യർഥന കണക്കിലെടുത്താണ് സർക്കാർ നികുതി പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു. ഇതിന് പുറമെ കേരള ക്രിക്കറ്റ് അസോസിയേഷനും നിരക്ക് ഇളവ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. കൂടുതൽ പേർക്ക് കളി ആസ്വദിക്കാനും കാര്യവട്ടത്തേക്ക് കൂടുതൽ മത്സരങ്ങളെത്താനും തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.
നാളെ (29-09-2023) ദക്ഷിണാഫ്രിക്കയും അഫ്‌ഗനിസ്ഥാനും തമ്മിലാണ് ആദ്യ സന്നാഹ മത്സരം. ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം. ഒക്ടോബർ മൂന്നിന് നെതർലൻഡ്‌സുമായാണ് ഇന്ത്യയുടെ സന്നാഹ മത്സരം. സെപ്റ്റംബര്‍ 30ന് ഓസ്ട്രേലിയയും നെതര്‍ലൻഡ്‌സും തമ്മിലുള്ള മത്സരവും ഒക്ടോബര്‍ രണ്ടിന് ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.