തിരുവനന്തപുരം:കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദമാമിലേക്ക് പുറപ്പെട്ട കോഴിക്കോട് - ദമാം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌തു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം പറന്നുയരുന്നതിനിടെ പിൻവശം റൺവേയിൽ തട്ടിയതിനെ തുടർന്നുണ്ടായ ഹൈഡ്രോളിക് തകരാറിനെ തുടർന്നാണ് വിമാനം അടിയന്തരമായി തിരുവനന്തപുരത്തിറക്കിയത്. IX 385 നമ്പർ കോഴിക്കോട് - ദമാം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 9.34 നാണ് കോഴിക്കോട് നിന്ന് ദമാമിലേക്ക് പറന്നുയർന്നത്.
സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തര ലാൻഡിങ്ങിന് അനുമതി തേടുകയും കോഴിക്കോട് തന്നെ ലാൻഡ് ചെയ്യാൻ തീരുമാനിച്ച് കോഴിക്കോട് വിമാനത്താവളത്തിന് ചുറ്റും ഏറെ നേരം പറന്നിരുന്നു. പിന്നീട് സുരക്ഷ കൂടിയ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ അനുമതി നൽകുകയായിരുന്നു. വിമാനത്തിനുള്ളിൽ 176 യാത്രക്കാരും 6 ക്യാബിൻ ക്രൂ അംഗങ്ങളുമാണുണ്ടായിരുന്നത്.