തിരുവനന്തപുരം: 1957 ലാണ് നെയ്യാറ്റിൻകര നിയോജക മണ്ഡലം നിലവിൽ വരുന്നത്. ആ വർഷം കേരള നിയമസഭയിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐയിലെ ഒ ജനാർദനൻ നായർക്കായിരുന്നു വിജയം. തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിൽ മാറി മാറി വിവിധ പാർട്ടികളെ നെയ്യാറ്റിൻകര പിന്തുണച്ചു. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാവ് തമ്പാനൂർ രവി പക്ഷെ ആ പതിവ് തെറ്റിച്ചു. 1991 മുതൽ 2006 വരെ നെയ്യാറ്റിൻകര തുടർച്ചയായി തമ്പാനൂർ രവിക്കും യുഡിഎഫിനൊപ്പവും നിന്നു.
മൂർച്ചകൂട്ടി മുന്നണികൾ; നെയ്യാറ്റിൻകരയിൽ പ്രചാരണം ശക്തം 2006ൽ ഇടതുമുന്നണിയിലെ വിജെ തങ്കപ്പനോട് തമ്പാനൂർ രവി പരാജയപ്പെടുന്നത് വരെ അത് തുടർന്നു. നെയ്യാറ്റിൻകര നിയോജക മണ്ഡലം കേരളത്തിൻ്റെ ശ്രദ്ധാ കേന്ദ്രമാകുന്നത് 2012ലാണ്. ഇടതു മുന്നണിയുടെ എംഎൽഎ ആയിരുന്ന ആർ സെൽവരാജ് രാഷ്‌ട്രീയ കേരളത്തെ ഞെട്ടിച്ച് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. തുടർന്ന് ആ വർഷം തന്നെ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ആർ സെൽവരാജ് 6334 വോട്ടുകൾക്ക് എൽഡിഎഫിലെ എഫ് ലോറൻസിനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിൽ എത്തി. എന്നാൽ 2016ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സെൽവരാജിന് അടിപതറി. പുതുമുഖമായ കെ ആൻസലനെ രംഗത്തിറക്കി ഇടതു മുന്നണി നെയ്യാറ്റിൻകര തിരിച്ചു പിടിച്ചു. 9543 വോട്ടുകൾക്കായിരുന്നു ആൻസലൻ്റെ വിജയം. ഇക്കുറിയും ആൻസലനും സെൽവരാജും തമ്മിലാണ് മത്സരം.
തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇത്തവണയും കെ ആൻസലൻ മത്സരത്തിനിറങ്ങിയിരിക്കുന്നത്. സെൽവ രാജിനെ ഒരു എതിരാളിയായി കാണുന്നില്ലെന്ന് പറയുന്ന ആൻസലൻ, ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ ഉയരുമെന്ന പ്രതീക്ഷയിലാണ്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഉൾപ്പടെ ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും ഉൾപ്പടെ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആൻസലൻ്റെ പ്രചാരണം. എന്നാൽ താൻ എംഎൽഎ ആയിരുന്നപ്പോൾ കൊണ്ടുവന്ന പദ്ധതികൾ പലതും നിലവിലെ എംഎൽഎ അട്ടിമറിച്ചെന്ന് യുഡിഎഫ് സ്ഥാനർഥി ആർ സെൽവരാജ് ആരോപിക്കുന്നു. പൊള്ളയായ വാഗ്‌ദാനങ്ങൾ നൽകി എംഎൽഎ ജനങ്ങളെ കബളിപ്പിക്കുകയാണെന്നാണ് ആർ സെൽവരാജ് പറയുന്നത്.
ബിജെപിയും ഇത്തവണ വലിയ പ്രതീക്ഷയിലാണ്. വ്യവസായിയായ ചെങ്കൽ രാജശേഖരൻ നായരെയാണ് ഇത്തവണ ബിജെപി അങ്കത്തട്ടിൽ ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 11.53 ശതമാനം വോട്ടുകളാണ് അന്ന് മത്സരിച്ച ബിജെപിയുടെ പുഞ്ചക്കരി സുരേന്ദ്രൻ നേടിയത്. 2012 ലെ ഉപ തെരഞ്ഞെടുപ്പിൽ 23.21 ശതമാനം വോട്ടുകളാണ് ഒ രാജഗോപാൽ നേടിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതിൻ്റെ ആത്മവിശ്വാസവും അവർക്കുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മേൽക്കൈ യുഡിഎഫിനായിരുന്നു. നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിൽ നേരിയ ഭൂരിപക്ഷത്തിനാണ് ഇടതു മുന്നണിക്ക് ഭരണം ലഭിച്ചത്. അഞ്ച് പഞ്ചായത്തുകളിൽ യുഡിഎഫിനാണ് ഭരണം. ഈ മൂൻതൂക്കം യുഡിഎഫിന് പ്രതീക്ഷ നൽകുന്നു. അതേ സമയം ക്ഷേമ പെൻഷനുകൾ ഉൾപ്പടെയുള്ള ജനക്ഷേമ നടപടികൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി.