തിരുവനന്തപുരം : എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരായ പീഡന പരാതിയില്‍ കോവളം എസ്എച്ച്ഒയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്‌ച. കേസ് അട്ടിമറിക്കാന്‍ കോവളം സിഐ പ്രൈജുവിന്‍റെ ഭാഗത്തുനിന്നും ശ്രമമുണ്ടായെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ വകുപ്പ് തല അന്വേഷണത്തിലാണ് ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്നും ഗുരുതര വീഴ്‌ചയുണ്ടായതായി കണ്ടെത്തിയിരിക്കുന്നത്.
സെപ്റ്റംബർ 9ന് കമ്മിഷണര്‍ ഓഫിസില്‍ നിന്ന് കൈമാറിയ പരാതിയില്‍ നടപടി സ്വീകരിക്കുന്നതില്‍ ഗൗരവകരമായ കാലതാമസമാണ് ഉദ്യോഗസ്ഥന്‍ വരുത്തിയത്. പരാതിക്കാരി നാല് തവണ സ്‌റ്റേഷനിലെത്തിയിട്ടും മൊഴി രേഖപ്പെടുത്താന്‍ പോലും ഉദ്യോഗസ്ഥന്‍ തയാറായില്ല. മാത്രമല്ല എംഎല്‍എയ്‌ക്കൊപ്പം ചേര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.