തിരുവനന്തപുരം :എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് കേസുമായി ബന്ധപ്പെട്ടുണ്ടായ ഐജി പി വിജയന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. പൊലീസ് ആസ്ഥാനത്ത് പരിശീലന വിഭാഗം ഐജിയായാണ് നിയമനം. എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് കേസിലെ പ്രതിയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് കഴിഞ്ഞ 5 മാസമായി പി.വിജയന്‍ സസ്‌പെന്‍ഷനിലായിരുന്നു.
ക്രമസമാധാന വിഭാഗം എഡിജിപി എംആര്‍ അജിത് കുമാറിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കഴിഞ്ഞ മെയ് 18ന് വിജയനെ സസ്‌പെന്‍ഡ് ചെയ്‌തത്. സസ്‌പെന്‍ഷനിലാകുന്നതിന് നിരത്തിയ കാരണങ്ങള്‍ വിജയന്‍ നിഷേധിച്ചെങ്കിലും ഇത് പരിഗണിക്കാതെയായിരുന്നു നടപടി. കേരള പൊലീസിലെ ചേരിപ്പോരിന്‍റെ ഭാഗമായിരുന്നു സസ്പെന്‍ഷന്‍ എന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
വിജയനെതിരായ സസ്‌പെന്‍ഷന്‍ അതിരുകടന്ന നടപടിയായിപ്പോയി എന്ന വിമര്‍ശനം മുതിര്‍ന്ന ഐപിഎസുകാര്‍ക്കിടയില്‍ തന്നെ ഉയര്‍ന്നു. ഇതെല്ലാം കണക്കിലെടുത്ത് നടപടി പിന്‍വലിക്കണമെന്ന റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ഡോ.വി വേണു സര്‍ക്കാരിന് നല്‍കിയിരുന്നു. ഇത് സര്‍ക്കാര്‍ ഉടന്‍ പരിഗണിച്ചില്ലെങ്കിലും അതുകൂടി കണക്കിലെടുത്താണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി ഉത്തരവിറക്കിയത്. വിഷയത്തില്‍ പി. വിജയനെതിരെയുള്ള വകുപ്പുതല അന്വേഷണം തുടരും.
എലത്തൂര്‍ വെടിവയ്‌പ്പും സസ്‌പെന്‍ഷനും :കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് കോഴിക്കോട് എലത്തൂരിന് സമീപം കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസില്‍ തീവയ്‌പ്പുണ്ടായത്. യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് യുവാവ് തീ കൊളുത്തുകയായിരുന്നു. ട്രെയിനില്‍ തീ പടര്‍ന്നതോടെ പുറത്തേക്ക് ചാടിയ മൂന്ന് യാത്രക്കാര്‍ മരിക്കുകയും എട്ട് യാത്രക്കാര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്‌തു.