തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് അന്വേഷിച്ച ഇ ഡി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചി മേഖല ഡെപ്യൂട്ടി ഡയറക്‌ടർ പി രാധാകൃഷ്‌ണനെയാണ് ചെന്നൈയിലേക്ക് സ്ഥലം മാറ്റിയത്. സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട്, സ്വർണക്കടത്ത് കേസിലെ പ്രതികൾ ഉൾപ്പെട്ട ഡോളർക്കടത്ത് കേസ്, സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണത്തിനും നേതൃത്വം നൽകിയത് രാധാകൃഷ്‌ണനായിരുന്നു.
കേസ് അന്വേഷണം നിർണായക ഘട്ടത്തിലെത്തിയ വേളയിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടത്തിയ പുതിയ ആരോപണത്തെ തുടർന്ന് പ്രതി സ്വപ്‌ന സുരേഷിനെ വീണ്ടും ഇ ഡി ചോദ്യം ചെയ്‌തു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ മൊഴിയെടുക്കുമെന്ന സംശയമുയർന്നിരുന്നു.
ഇതിനിടെയാണ് കേന്ദ്ര സർക്കാർ അനുകൂല ഉദ്യോഗസ്ഥനെന്ന് ആരോപിക്കപ്പെടുന്ന രാധാകൃഷ്‌ണനെ സ്ഥലം മാറ്റിയത്. സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ആദ്യം കേസിൽ പ്രതി ചേർത്തതും അറസ്റ്റ് ചെയ്‌തതും രാധാകൃഷ്‌ണന്‍റെ നേതൃത്വത്തിലായിരുന്നു.
അദ്ദേഹത്തിനെതിരെ നേരത്തെ സർക്കാരും പ്രതികളിലൊരാളായ സന്ദീപ് നായരും കോടതിയെ സമീപിച്ചിരുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ പേര് പറയാൻ അന്വേഷണ ഉദ്യോഗസ്ഥനായ രാധാകൃഷ്‌ണൻ നിർബന്ധിച്ചുവെന്നായിരുന്നു സന്ദീപ് നായരുടെ ആരോപണം. അതേസമയം അദ്ദേഹത്തിനെതിരായ ക്രൈബ്രാഞ്ച് കേസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
ഒരന്വേഷണ ഏജൻസിക്കെതിരെ അന്വേഷണം നടത്താൻ മറ്റൊരു അന്വേഷണ ഏജൻസിക്ക് അധികാരമില്ലെന്ന് പറഞ്ഞ് പ്രിൻസിപ്പൽ സെഷൻസ് കോടതി പരാതി പരിഗണിക്കട്ടെ എന്ന നിലപാട് ഹൈക്കോടതി സ്വീകരിച്ചു. സ്വർണക്കടത്ത് അന്വേഷണത്തിന്‍റെ ആദ്യ ഘട്ടം മുതൽ വിമർശന വിധേയനായ ഉദ്യോഗസ്ഥനെയാണ് കേസ് നടപടികളുടെ അവസാന ഘട്ടത്തിൽ ചുമതലകളിൽ നിന്നും നീക്കം ചെയ്‌തത്.