തിരുവനന്തപുരം :മുട്ടില്‍ മരംമുറി കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിച്ചതായി കെ സുധാകരൻ എംപി. എട്ട് കോടി രൂപയുടെ ഈട്ടിത്തടി അനധികൃതമായി മുറിച്ചുവിറ്റ കേസിൽ കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരമാണ് അന്വേഷണം. കെ.സുധാകരന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര മന്ത്രി റാവു ഇന്ദര്‍ജിത് സിങാണ് ഇക്കാര്യം അറിയിച്ചത്.
എട്ട് കോടി രൂപയുടെ ഈട്ടി അനധികൃതമായി വെട്ടി വിറ്റ മുട്ടില്‍ മരംമുറി കേസില്‍ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആര്‍ 121/ 2021 പ്രകാരം, എന്‍ഫോഴ്‌സ്മെന്‍റ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരം റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവികളായ ആന്‍റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നവര്‍ക്കെതിരെ അന്വേഷണം നടന്നുവരുന്നതായി കേന്ദ്ര മന്ത്രി റാവു ഇന്ദര്‍ജിത് സിങ് അറിയിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ഓണര്‍ഷിപ്പ് ട്രാന്‍സ്‌ഫര്‍ സംബന്ധിച്ച് ആക്ഷേപങ്ങള്‍ക്ക് ബന്ധപ്പെട്ട കമ്പനി അധികൃതരില്‍ നിന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. പഴയ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ടെലികാസ്റ്റിങ് ലൈസന്‍സ് ഇന്ത്യോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ്.
എന്നാല്‍ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ട ശേഷം റിപ്പോര്‍ട്ടര്‍ എന്ന പേരില്‍ പുനഃസംപ്രേക്ഷണം ആരംഭിച്ച ഈ കമ്പനിക്ക് ഇന്ത്യോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് ടെലികാസ്റ്റിങ് ലൈസന്‍സ് കൈമാറിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് അവ്യക്തതയുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കാന്‍ പുതിയ ഉടമസ്ഥരോട് കോര്‍പറേറ്റ് മന്ത്രാലായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.