കൊച്ചി:കണ്ടല ബാങ്ക് അഴിമതി കേസില്‍ മുന്‍ സിപിഐ നേതാവ് ഭാസുരാംഗനും മകനും അറസ്‌റ്റില്‍. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇഡി സംഘം കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ മുന്‍ പ്രസിഡന്‍റ് കൂടിയായ ഭാസുരാംഗന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത് (Basurangan Arrested). ഭാസുരാംഗന്‍റെ മകന്‍ അഖില്‍ജിത്തിനെയും ഇഡി അറസ്റ്റ് ചെയ്‌തു.
പി.എം.എൽ എ കേസ് പരിഗണിക്കുന്ന കോടതിയിൽ പ്രതികളെ നാളെ (നവംബര്‍ 22) ഹാജരാക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ഭാസുരാംഗനെ ഇത് മൂന്നാം തവണയാണ് ഇ.ഡി ചോദ്യം ചെയതത്. ഭാസുരാംഗനും മകനും വരുമാന സ്രോതസ് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇവരുടെ മൊഴികൾ തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടായിരുന്നു.
നൂറ് കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് ബാങ്കുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടന്നാണ് ആരോപണം. ഓഡിറ്റ് നടത്തിയതിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇരുവർക്കുമെതിരായ വ്യക്തമായ തെളിവുകൾ ഇഡി ശേഖരിച്ചിരുന്നു. ഇഡി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സിപിഐ ഭാസുരാംഗനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്.