തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം മുടങ്ങി. ഇ പോസ് സംവിധാനത്തിലെ തകരാര്‍ കാരണമാണ് റേഷന്‍ വിതരണം വീണ്ടും മുടങ്ങിയത്. സോഫ്റ്റ്‌വെയറിന്‍റെ തകരാറാണ് റേഷന്‍ വിതരണം തടസപ്പെടാന്‍ കാരണം. ഇതോടെ സംസ്ഥാനത്താകമാനം ഉച്ചക്ക് 12 മണിവരെയുള്ള റേഷന്‍ വിതരണം ഭാഗികമായി നിലച്ചു.
ജൂണ്‍ മാസം ആദ്യം റേഷന്‍ കടകളില്‍ ഉണ്ടാകുന്ന തിരക്ക് കാരണമാണ് സോഫ്റ്റ്‌വെയര്‍ തകരാറിലായത്. നിലവില്‍ സോഫ്റ്റ്‌വെയര്‍ തകരാര്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വൈകുന്നേരം 4 മണിക്കുള്ള റേഷന്‍ വിതരണം പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. എന്‍ ഐ സിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തകരാറിലായതാണ് റേഷന്‍ വിതരണം തടസപ്പെടാനുള്ള കാരണം.
തുടരെത്തുടരെ തകരാറുകൾ : കഴിഞ്ഞ മാസവും ഇ പോസ് സംവിധാനത്തിന്‍റെ തകരാറില്‍ റേഷന്‍ വിതരണം സംസ്ഥാനമാകെ നിലയ്ക്കുന്ന സാഹചര്യമുണ്ടായിരുന്നു. രാജ്യത്ത് നിരവധി സംസ്ഥാനങ്ങളിലെ ഇ പോസ് സംവിധാനം കൈകാര്യം ചെയ്യുന്ന കമ്പനിക്കാണ് കേരളത്തിലെയും ഇ പോസ് സംവിധാനത്തിന്‍റെ വിതരണ ചുമതല.
കഴിഞ്ഞ മാസം ഇ പോസ് സംവിധാനം തകരാറിലായപ്പോള്‍ കേരളത്തിൽ മാത്രമല്ല നിരവധി സംസ്ഥാനങ്ങില്‍ ഒരുമിച്ചാണ് തകരാറിലായതെന്നായിരുന്നു ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനിലിന്‍റെ പ്രതികരണം. ജനുവരിയിലും ഇ പോസ് സംവിധാനത്തിന്‍റെ തകരാര്‍ കാരണം ദിവസങ്ങളോളം റേഷന്‍ വിതരണം മുടങ്ങിയിരുന്നു.
ഇ പോസ് സംവിധാനം വഴി മാത്രമേ റേഷന്‍ വിതരണം നടത്താനാകു എന്ന സാഹര്യമുള്ളത് കൊണ്ടാണ് ഇടയ്ക്ക് റേഷന്‍ വിതരണം തടസപ്പെടുന്നതെന്നും ജനങ്ങള്‍ക്ക് ഭക്ഷണം നിരസിക്കുന്നുവെന്ന തരത്തില്‍ ആക്ഷേപം സര്‍ക്കാരിനെതിരെ ഉന്നയിക്കപ്പെടുന്നുണ്ടെന്നും മന്ത്രി അക്കാലത്ത് പ്രതികരിച്ചിരുന്നു.