തിരുവനന്തപുരം: ഡല്‍ഹിയില്‍ നടക്കുന്ന ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി ഇടത് യുവജന വിദ്യാർഥി സംഘടനകളായ ഡിവൈഎഫ്ഐയും എസ്എഫ്ഐയും. ഗുസ്തി താരങ്ങളുടെ പ്രക്ഷോഭത്തിൽ കാഴ്ച്ചക്കാരാകില്ലെന്നും സംയുക്തമായി രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് എഎ റഹിം എംപി അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് 25,000 കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധവും ജൂൺ നാലിന് നൈറ്റ് മാർച്ചും സംഘടിപ്പിക്കുമെന്ന് ഡിവെെഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വികെ സനോജ് പറഞ്ഞു.
പീഡന ആരോപണം നേരിടുന്ന ബിജെപി എംപിയും അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ്ഭൂഷൺ ശരൺ സിങിനെ ഉടൻ അറസ്റ്റ് ചെയുക എന്നതാണ് പ്രധാന ആവശ്യമെന്നും കായിക താരങ്ങൾക്ക് നീതി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും എഎ റഹിം പറഞ്ഞു. കായിക താരങ്ങൾക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കണം, കായിക താരങ്ങളോടുള്ള പൊലീസ് നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയാൻ തയ്യാറാകണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
കായിക താരങ്ങൾ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ പോയിട്ടും കേന്ദ്ര കായിക മന്ത്രിക്ക് ഇതിനെ കുറിച്ച് ഒന്നും പറയാൻ ഇല്ലേയെന്നും എഎ റഹീം ചോദിച്ചു. ഡിവൈഎഫ്ഐയുടെ പ്രതിഷേധ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് കായിക മേഖലയിലെ എല്ലാവരെയും ഉൾപ്പെടുത്തി ജൂൺ 5ന് സ്പോർട്സ് പഞ്ചായത്ത് സംഘടിപ്പിക്കുമെന്നും എഎ റഹിം എം.പി പറഞ്ഞു. രാജ്യത്തെ ഭയമാണ് ഭരിക്കുന്നതെന്നും എന്നാൽ അതിനെ വകഞ്ഞ് മാറ്റി പ്രതിഷേധങ്ങൾ ഉയർന്ന് വരികയാണെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. കായിക താരങ്ങൾക്ക് ഉയരുന്ന പിന്തുണ വർദ്ധിക്കുന്നുണ്ടെന്നും ആരോപണ വിധേയനായ ബിജെപി എംപിയെ അധികകാലം സംരക്ഷിക്കാൻ കഴിയില്ലെന്നും എഎ റഹിം പറഞ്ഞു.