തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ എയ്‌ഡഡ് കോളജുകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ (Dyfi against Kerala government). കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്‌ഡഡ് കോളജുകളിലെ അതിഥി അധ്യാപക നിയമനം, യോഗ്യത തെരഞ്ഞെടുപ്പ് രീതി, തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് 09.09.2023 ന് ഇറക്കിയ ഉത്തരവിൽ 70 വയസ് വരെയുള്ള വിരമിച്ചവരെയും ഗസ്റ്റ് അധ്യാപകരായി നിയമനത്തിന് പരിഗണിക്കാം എന്ന നിർദേശത്തിനെതിരെയാണ് ഡിവൈഎഫ്ഐ പ്രതിഷേധം അറിയിച്ചത്.
നിർദേശം യുവജന വിരുദ്ധമാണന്നും ഉന്നത വിദ്യാഭ്യാസം നേടി തൊഴിലിനുവേണ്ടി പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾ കാത്തു നിൽക്കുമ്പോഴാണ് റിട്ടയർ ചെയ്‌ത അധ്യാപകരെ തന്നെ വീണ്ടും ഗസ്റ്റ് അധ്യാപക തസ്‌തികയിൽ നിയമിക്കാം എന്ന് പറയുന്നത്. ഇത് യുവജനങ്ങളുടെ പ്രതീക്ഷയെ മങ്ങൽ ഏൽപ്പിക്കുന്നതാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പറഞ്ഞു. മാത്രമല്ല തൊഴിൽ രഹിതരായ ഒട്ടേറെ യുവജനങ്ങളെ മാറ്റി നിർത്തുന്നത് നീതിയല്ലെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.