തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന ജാഗ്രതയോടെ നടത്താന്‍ പൊലീസിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. ലോക്ക് ഡൗണ്‍ ലംഘിക്കുന്നതും ജനം കൂട്ടം കൂടുന്നതും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ശനിയാഴ്‌ച മുതല്‍ ഡ്രോണുകളുടെ സേവനം ലഭ്യമാക്കും. എല്ലാ ജില്ലകളിലും ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്താനാണ് പൊലീസ് നീക്കം. വാഹനങ്ങളെയും വ്യക്തികളെയും നേരിട്ട് സ്‌പര്‍ശിക്കാതെയായിരിക്കും വാഹന പരിശോധന ഉള്‍പ്പെടെയുള്ള പൊലീസ് നടപടികള്‍ നടത്തുക. ഇതിനായി എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കയ്യുറകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ്, സത്യവാങ്മൂലം എന്നിവ കയ്യില്‍ വാങ്ങി പരിശോധിക്കാന്‍ പാടില്ല. ആവശ്യമെങ്കില്‍ മതിയായ ദൂരത്തുനിന്ന് അവയുടെ ഫോട്ടോയെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കാം. ഇത് കൂടാതെ പരിശോധന മാന്യമായി നടത്തണമെന്ന നിര്‍ദേശവും ഡിജിപി നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘിക്കുന്നത് കണ്ടെത്താന്‍ ഡ്രോണുകളും - എഡിജിപി ഡോ.ബി.സന്ധ്യ
ഇനി മുതല്‍ വാഹന പരിശോധന ഉള്‍പ്പെടെയുള്ളവ വാഹനങ്ങളെയും വ്യക്തികളെയും നേരിട്ട് സ്‌പര്‍ശിക്കാതെ
പരിശോധനക്കെതിരെ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡിജിപിയുടെ നിര്‍ദേശം. പച്ചക്കറികള്‍, മത്സ്യം, മാംസം, മുട്ട, പാക്ക് ചെയ്‌ത ഭക്ഷ്യപദാര്‍ഥങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഒരു കാരണവശാലും തടയാന്‍ പാടില്ല. ബേക്കറി ഉള്‍പ്പെടെ ഭക്ഷ്യപദാര്‍ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. ഇതിന് വിരുദ്ധമായി പൊലീസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് അക്കാര്യം തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഡിജിപിയുടെ കണ്‍ട്രോള്‍ റൂമിനെ അറിയിക്കാം. ഇതിനായി 9497900999, 9497900286 , 0471 2722500 തുടങ്ങിയ നമ്പറുകളും പൊലീസ് പ്രസിദ്ധീകരിച്ചു. സന്നദ്ധസംഘടനകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് പാസ് നല്‍കുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എഡിജിപി ഡോ.ബി.സന്ധ്യയെ ഡിജിപി ചുമതലപ്പെടുത്തി. വെയിലത്ത് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ ഇടവേളകളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് റെസിഡന്‍റ്‌സ് അസോസിയേഷനുകളും മറ്റും സഹകരിക്കണമെന്നും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ഥിച്ചു.