തിരുവനന്തപുരം:സംസ്ഥാനത്ത് ആകെയുള്ള 69.92 ലക്ഷം ഗ്രാമീണ വീടുകളിൽ പകുതിയിലും കുടിവെള്ള കണക്ഷൻ എന്ന ചരിത്ര നേട്ടം കരസ്ഥമാക്കി കേരളം. സംസ്ഥാനത്തെ 35.42 ലക്ഷം ഗ്രാമീണ വീടുകളിലാണ് ടാപ്പ് വഴി കുടിവെള്ളമെത്തിക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ ജലജീവൻ മിഷൻ പദ്ധതിയിലൂടെയാണ് ഈ അഭിമാന നേട്ടം.
മുഴുവൻ ഗ്രാമീണ വീടുകൾക്കും ടാപ്പ് വഴി കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ഇക്കഴിഞ്ഞ ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. നേരത്തേ കേരളത്തിലെ 100 വില്ലേജുകളും 78 പഞ്ചായത്തുകളും നൂറു ശതമാനം കുടിവെള്ള ലഭ്യത കൈവരിച്ച് ’ഹർ ഘർ ജൽ’ പദവി സംസ്ഥാനം നേടിയതിന് പിന്നാലെയാണ് ഈ പുതിയ നേട്ടം.
എന്താണ് പദ്ധതി:കേരള വാട്ടർ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് എന്നി വകുപ്പുകൾക്കാണ് സംസ്ഥാനത്ത് പദ്ധതിയുടെ നിർവഹണ ചുമതല. കേന്ദ്ര മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് പ്രതിദിനം 55 ലിറ്റർ വെള്ളമാണ് നൽകേണ്ടതെങ്കിലും ഉപഭോക്താക്കളുടെ ജലവിനിയോഗത്തിന്‍റെ പ്രത്യേകതകൾ പരിഗണിച്ച് സംസ്ഥാനത്ത് ഒരാൾക്ക് പ്രതിദിനം 100 ലിറ്റർ എന്ന് കണക്കാക്കിയാണ് പദ്ധതികൾ നടപ്പിലാക്കിയത്.
കേന്ദ്ര-സംസ്ഥാനങ്ങൾക്ക് 50:50 എന്ന അനുപാതത്തിലാണ് പദ്ധതിയുടെ നടത്തിപ്പ്. ജലജീവൻ മിഷൻ വഴി നൽകേണ്ട 53.34 ലക്ഷം കുടിവെള്ള കണക്ഷനുകൾക്കായി 40,203.61 കോടി രൂപയുടെ പദ്ധതികൾക്കാണ് അനുമതി ലഭ്യമായിട്ടുള്ളത്. ഇതുവരെ 7737.08 കോടി രൂപയാണ് പദ്ധതിയിൽ ചെലവഴിച്ചിട്ടുള്ളത്.
എല്ലായിടത്തും ജലം:ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി എല്ലാ ഗ്രാമീണ സ്‌കൂളുകളിലും അംഗനവാടികളിലും നിലവിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ജല ഗുണനിലവാര പരിശോധന പ്രവർത്തനങ്ങളും പദ്ധതി സഹായ പ്രവർത്തനങ്ങളും നടത്തിവരുന്നുവെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ വാർത്താകുറിപ്പിലൂടെ അറിയിച്ചു. 50 ശതമാനം കുടിവെള്ള കണക്ഷനുകൾ പൂർത്തിയാക്കിയ ഏജൻസികളുടെയും ഉദ്യോഗസ്ഥരുടെയും കഠിനാധ്വാനം ഏറെ പ്രശംസാർഹമാണെന്നും നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി ലക്ഷ്യം കൈവരിക്കാൻ കൂടുതൽ ജാഗ്രതയോടെ പ്രവൃത്തികൾ തീർക്കേണ്ടതുണ്ടെന്നും ജലവിഭവ മന്ത്രി പറഞ്ഞു.
സ്ഥല ലഭ്യതക്കുറവ്, വിവിധ ഏജൻസികളിൽനിന്ന് അനുമതികൾ ലഭിക്കാനുള്ള കാലതാമസം, സമഗ്ര പദ്ധതികൾക്ക് സ്വാഭാവികമായി വേണ്ടിവരുന്ന നീണ്ട പൂർത്തീകരണ കാലയളവ് എന്നിങ്ങനെയുള്ള വെല്ലുവിളികൾ പദ്ധതിക്കുണ്ടായിരുന്നുവെന്നും ഇതെല്ലാം അതിജീവിച്ചാണ് കേരളത്തിലെ പകുതി വീടുകൾക്കും ടാപ്പ് കണക്ഷൻ ലഭ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് അഭിമാന നേട്ടം: ലോക ജനസംഖ്യയുടെ 26 ശതമാനം പേർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലെന്നും 46 ശതമാനം പേർക്ക് അടിസ്ഥാന ശുചിത്വം ലഭ്യമല്ലെന്നും യുഎൻ റിപ്പോർട്ട് പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തില്‍ പ്രശംസ അര്‍ഹിക്കുന്ന ഒന്നാണ് സംസ്ഥാനത്തിന്‍റെ ഈ നേട്ടം. 45 വർഷത്തിനിടയിലായി ജലവുമായി ബന്ധപ്പെട്ട് നടത്തിയ യുഎൻ സമ്മേളനത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. മാത്രമല്ല 2030 നുള്ളിൽ ലോകത്തെ ശുദ്ധജലക്ഷാമവും ശുചിത്വ പ്രശ്‌നവും പരിഹരിക്കുന്നതിന് ഐക്യരാഷ്‌ട്ര സഭ എത്രമാത്രം പ്രവർത്തിക്കേണ്ടതുണ്ട് എന്നതിന്‍റെ യഥാർഥ ചിത്രമാണ് 2023 ലെ യുഎൻ വേൾഡ് വാട്ടർ ഡെവലപ്‌മെന്‍റ് റിപ്പോർട്ട് വിരല്‍ചൂണ്ടുന്നത്.