തിരുവനന്തപുരം: പിജി വിദ്യാര്‍ഥിയായ ഡോ. ഷഹനയുടെ ആത്മഹത്യ കേസിലെ പ്രതിയായ റുവൈസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി. നാല് ദിവസത്തേക്കാണ് റുവൈസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതിയുടെ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ അടക്കം ശേഖരിക്കാന്‍ വേണ്ടിയാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കൂടാതെ പ്രതിയെ കരുനാഗപ്പള്ളിയില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും. തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് എൽസ കാതറിൻ ജോർജിന്‍റേതാണ് ഉത്തരവ് (Dr Shahana Death).
പൊലീസിന്‍റെ ആവശ്യം:കുറ്റം അതീവ ഗുരുതരമായത് കൊണ്ട് തന്നെ കൂടുതല്‍ അന്വേഷണം നടത്താന്‍ പ്രതിയെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം. അതേസമയം പ്രതിയുടെ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ ചോദിച്ചറിയുവാന്‍ ഒരു ദിവസം മതിയാകുമെന്ന് പ്രതിഭാഗവും വാദിച്ചു. ഇരുവിഭാഗത്തിന്‍റെ വാദങ്ങളും പരിഗണിച്ച കോടതി നാല് ദിവസത്തെ കസ്റ്റഡി അനുവദിക്കുകയും ചെയ്‌തു (Dr Shahana Suicide).
പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി:ഡോക്‌ടര്‍ ഷഹനയുടെ ആത്മഹത്യ കേസില്‍ പ്രതിയായ റുവൈസ് നല്‍കിയ ജാമ്യ അപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. അതിക്രൂരമായ പ്രവൃത്തിയാണ് പ്രതി ചെയ്‌തതെന്നും ജാമ്യം അനുവദിച്ചാല്‍ കേസില്‍ അട്ടിമറിയ്‌ക്ക് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യ അപേക്ഷ തള്ളിയത്. തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ അപേക്ഷ തള്ളിയത്. മാത്രമല്ല നേരത്തെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിടാത്ത സാഹചര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു (Thiruvananthapuram Medical College).