കേരളം

kerala

ETV Bharat / state

മുരളീധരന്‍ നിലപാട് മാറ്റി, വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാവും - യു.ഡി.എഫ് സ്ഥാനാര്‍ഥി

സംശുദ്ധ പ്രതിച്ഛായയുള്ള മോഹന്‍കുമാര്‍ മത്സരിക്കണമെന്ന ശക്തമായ നിലപാട് കെപിസിസി നേതൃത്വം കൈക്കൊണ്ടതോടെയാണ് മുരളീധരന്‍ അയഞ്ഞത്

ഡോ.കെ.മോഹന്‍കുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയേറുന്നു

By

Published : Sep 26, 2019, 3:04 PM IST

Updated : Sep 26, 2019, 3:32 PM IST

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ യു.ഡി.എഫില്‍ ധാരണായായി. ഇടഞ്ഞു നിന്ന കെ മുരളീധരന്‍ കെ.പി.സി.സിയുടെ സമ്മര്‍ദത്തിന് വഴങ്ങി. സംശുദ്ധ പ്രതിച്ഛായയുള്ള മോഹന്‍കുമാര്‍ മത്സരിക്കണമെന്ന ശക്തമായ നിലപാട് കെപിസിസി നേതൃത്വം കൈക്കൊണ്ടതോടെയാണ് മുരളീധരന്‍ അയഞ്ഞത്.

മോഹന്‍കുമാറിനെ ഇന്നലെ രാത്രി കെ.പി.സി.സി നേതൃത്വം അടിയന്തരമായി തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കെ.മുരളീധരൻ്റെ എതിര്‍പ്പിനെ തുടര്‍ന്ന് മോഹന്‍കുമാറിനെ ഒഴിവാക്കി എന്‍.പീതാംബരകുറുപ്പിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചെങ്കിലും പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു.

നിലവില്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗമാണ് ഡോ. കെ. മോഹന്‍ കുമാര്‍. കെ.പി.സി.സിയുടെ നിര്‍ദേശപ്രകാരം ഗവര്‍ണറെ നാളെ കണ്ട് രാജി സമര്‍പ്പിക്കും. 2001 ല്‍ തിരുവനന്തപുരം നോര്‍ത്ത് നിയോജകണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മോഹന്‍കുമാര്‍ 2006ല്‍ പരാജയപ്പെട്ടിരുന്നു. നോര്‍ത്ത് മണ്ഡലം പിന്നീട് വട്ടിയൂര്‍കാവ് എന്ന് പേരുമാറിയ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍കുമാര്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് കരുതിയതെങ്കിലും കെ.പി.സി.സി നേതൃത്വം കെ.മുരളീധരന് വട്ടിയൂര്‍ക്കാവ് മണ്ഡലം നല്‍കി.

തുടർന്നാണ് മോഹന്‍കുമാർ തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻ്റും തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ അംഗവുമായത്. സംശുദ്ധമായ പൊതു ജീവിതവും തികഞ്ഞ അഴിമതി വിരുദ്ധ പ്രതിച്ഛായയുമാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ മോഹന്‍കുമാറിനെ കൂടുതല്‍ സ്വീകാര്യനാക്കുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മോഹന്‍കുമാര്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

Last Updated : Sep 26, 2019, 3:32 PM IST

ABOUT THE AUTHOR

...view details