കേരളം

kerala

ETV Bharat / state

വാതില്‍പ്പടി സേവനത്തിന്‍റെ ആദ്യഘട്ടം സെപ്തംബറിലെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി

50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. ആദ്യഘട്ട പ്രവര്‍ത്തനാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഡിസംബറില്‍ സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

kerala government  door-to-door service  pinarayi vijayan  വാതില്‍പ്പടി സേവനം  മുഖ്യമന്ത്രി  പിണറായി വിജയന്‍
വാതില്‍പ്പടി സേവനത്തിന്‍റെ ആദ്യഘട്ടം സെപ്തംബറിലെന്ന് മുഖ്യമന്ത്രി

By

Published : Aug 12, 2021, 6:44 PM IST

തിരുവനന്തപുരം: പ്രായാധിക്യത്താല്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, കിടപ്പിലായവര്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ ചലന പരിമിതി അഭിമുഖീകരിക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വാതില്‍പ്പടി സേവനം പദ്ധതിയുടെ ആദ്യഘട്ടം സെപ്‌തംബറില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. ആദ്യഘട്ട പ്രവര്‍ത്തനാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഡിസംബറില്‍ സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാക്കാനാണ് തീരുമാനമെന്ന് പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച ആലോചന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

സേവനം ആവശ്യമുള്ളവരെ ബന്ധപ്പെടാനുള്ള ചുമതല ആശ വര്‍ക്കര്‍മാര്‍ക്ക്

ആജീവനാന്ത സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭ്യമാക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കല്‍, സാമൂഹിക സുരക്ഷ പെന്‍ഷന്‍, അടിയന്തരാവശ്യത്തിനുള്ള മരുന്നുകള്‍ എത്തിച്ച് നല്‍കല്‍, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ വാതില്‍പ്പടി സേവനത്തിലൂടെ ലഭ്യമാകുക.

പിന്നീട് മറ്റ് സേവനങ്ങള്‍ കൂടി ഇതിന്‍റെ ഭാഗമാക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് അംഗത്തിന്‍റെ അധ്യക്ഷതയില്‍ ആശ വര്‍ക്കര്‍, കുടുംബശ്രീ പ്രതിനിധി, സന്നദ്ധ സേവന വോളണ്ടിയര്‍മാര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സേവനം ആവശ്യമായവരുമായി ബന്ധപ്പെടാനുള്ള പ്രാഥമിക ചുമതല ആശ വര്‍ക്കര്‍മാര്‍ക്കായിരിക്കുമെന്നും ആലോചന യോഗത്തിൽ തീരുമാനമായി.

എൻഎസ്എസ്, എൻസിസി വോളണ്ടിയർമാരുടെ സേവനം ഉപയോഗപ്പെടുത്തും

സേവനം ലഭ്യമാക്കേണ്ടവര്‍ക്ക് കമ്മിറ്റി അംഗങ്ങളെ ഫോണ്‍ മുഖാന്തരം ബന്ധപ്പെടാവുന്നതാണ്. ഇതിനായി കമ്മിറ്റി അംഗങ്ങളുടെ ഫോണ്‍ നമ്പരുകള്‍ അടങ്ങിയ കാര്‍ഡ് വിതരണം ചെയ്യും. അക്ഷയ കേന്ദ്രങ്ങളും സന്നദ്ധ സേവന വോളണ്ടിയര്‍മാരും ആശ വര്‍ക്കര്‍മാരുടെ സഹായത്തിനുണ്ടാകും. സന്നദ്ധ സേനാംഗങ്ങളെ കണ്ടെത്താനുള്ള ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണ്. സുതാര്യമായ രീതിശാസ്ത്രം ഉപയോഗിച്ച് എന്‍എസ്എസ്, എന്‍സിസി വോളണ്ടിയര്‍മാരെ കണ്ടെത്തി പ്രവര്‍ത്തനത്തിന്‍റെ ഭാഗമാക്കാവുന്നതാണ്.

സേവനം ആവശ്യമുള്ളവർക്ക് ആവശ്യമായ മരുന്നുകൾ ആരോഗ്യ വകുപ്പ് ഉറപ്പാക്കും

ഓരോ ആളിനും ആവശ്യമായ മരുന്നുകള്‍ പ്രാദേശികമായി ലഭ്യമാകുമെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പാലിയേറ്റീവ് കെയര്‍ ആവശ്യമായവര്‍ക്ക് ഈ സേവനം ലഭ്യമാക്കാന്‍ ആവശ്യമായ കരുതലുകള്‍ ഉണ്ടാകണം. കൊവിഡ് കാലത്ത് നടപ്പിലാക്കിയ രീതി ഇതിനായി തുടരും. വാതില്‍പ്പടി സേവന പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജില്ല അടിസ്ഥാനത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിലും അവലോകനം ചെയ്യും. ജില്ല കലക്‌ടര്‍മാക്കും ജില്ല ആസൂത്രണ സമിതിക്കും പദ്ധതിയുടെ നടത്തിപ്പിലും മോണിറ്ററിങിലും നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details