തിരുവനന്തപുരം : ഡോക്‌ടര്‍ വന്ദന ദാസിന്‍റെ കൊലപാതകി ജി സന്ദീപിനെ സസ്‌പെന്‍ഡ് ചെയ്‌ത് പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. വകുപ്പുതല അന്വേഷണം നടത്തിയ ശേഷമാണ് സസ്‌പെന്‍ഷനുണ്ടായിരിക്കുന്നത്.
നെടുമ്പന യുപി സ്‌കൂളിലെ അധ്യാപകനാണ് ജി സന്ദീപ്. ഇയാള്‍ നിലവില്‍ സസ്‌പെന്‍ഷനിലാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ ഇത് പൊതുവിദ്യാഭ്യാസ വകുപ്പ് നിഷേധിച്ചു. ഇപ്പോഴാണ് നടപടി സ്വീകരിച്ചതെന്നാണ് നല്‍കുന്ന വിശദീകരണം.
വെളിയം ഉപജില്ലയിലെ എയ്‌ഡഡ് സ്‌കൂൾ ആയ യുപിഎസ് വിലങ്ങറയിൽ നിന്ന് തസ്തിക നഷ്ടപ്പെട്ട് സംരക്ഷിതാധ്യാപകനായി 2021 ഡിസംബർ 14 മുതലാണ് കുണ്ടറ ഉപജില്ലയിലെ എയ്‌ഡഡ് സ്‌കൂൾ ആയ യുപിഎസ് നെടുമ്പനയിൽ ഹെഡ് ടീച്ചർ വേക്കൻസിയിൽ ഇയാള്‍ ജോലിക്കെത്തുന്നത്. ഇയാള്‍ക്കെതിരെ കൂടുതൽ കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
സ്ഥിരം പ്രശ്‌നക്കാരന്‍ : ലഹരിക്ക് അടിമപ്പെട്ട പൂയംപള്ളി സ്വദേശിയായ സന്ദീപ് സ്ഥിരം പ്രശ്‌നക്കാരനാണെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ലഹരി ഉപയോഗിച്ച ശേഷം വീട്ടിലും അയല്‍വീടുകളിലും ഇയാള്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സന്ദീപിന്‍റെ ഭാര്യയും കുഞ്ഞും ഇയാളെ ഉപേക്ഷിച്ചുപോയത്.
കഴിഞ്ഞ ദിവസം വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സന്ദീപ് ലഹരി ഉപയോഗിച്ച് അക്രമാസക്തനാവുകയായിരുന്നു. ഇയാള്‍ തന്നെയാണ് പൊലീസിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതും. പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് സന്ദീപ് ഡോക്‌ടര്‍ വന്ദനയെ ക്രൂരമായി ആക്രമിച്ചത്.
നാടിനെ നടുക്കിയ കൊലപാതകം :ഇന്ന് പുലർച്ചെ നാല് മണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് ഡോക്‌ടറായ വന്ദനയെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചായിരുന്നു പ്രതി ആക്രമണം നടത്തിയത്. നെഞ്ചിലും കഴുത്തിലുമടക്കം ആറുതവണയാണ് വന്ദനയ്‌ക്ക് കുത്തേറ്റിരുന്നത്.