തിരുവനന്തപുരം: ഡോക്ടർമാരുടെ സമരത്തിൽ വലഞ്ഞ് രോഗികൾ. സമരത്തെക്കുറിച്ച് അറിയാതെ നിരവധി രോഗികളാണ് ആശുപത്രികളിലെത്തിയത്. ആയുർവേദ ഡോക്ടർമാർക്ക് ശസ്‌ത്രക്രിയ നടത്താന്‍ അനുമതി നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഐഎംഎയാണ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത്. സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ഒപിയും ശസ്ത്രക്രിയകളും ഡോക്ടർമാർ ബഹിഷ്കരിച്ചു. അതേസമയം അത്യാഹിത വിഭാഗത്തെയും കൊവിഡ് ചികിത്സയേയും സമരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. കേരളത്തിൽ പണിമുടക്ക് പൂർണമായിരുന്നു.
ഡോക്‌ടര്‍മാരുടെ സമരം; ദുരിതത്തിലായി രോഗികള്‍ - സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർ സമരത്തില്‍
ഗുരുതര രോഗവുമായി എത്തുന്നവര്‍ക്ക് ചികിത്സ നിഷേധിക്കില്ലെന്ന് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളജ് ഒപി വിഭാഗത്തിൽ രാവിലെ മുതൽ ടോക്കൺ നൽകിയെങ്കിലും ഗുരുതരമായ രോഗമുള്ളവരെ മാത്രമാണ് ഡോക്ടർമാർ പരിശോധിച്ചത്. അല്ലാത്തവരെ മടക്കി അയച്ചു. രാവിലെ മുതൽ മെഡിക്കൽ കോളജില്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഗുരുതര രോഗവുമായി എത്തുന്നവര്‍ക്ക് ചികിത്സ നിഷേധിക്കില്ലെന്ന് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു. ഇതിനായി എല്ലാ ഒപികളിലും പിജി, റെസിഡന്‍റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് ഡോ. ബിനോയ് പറഞ്ഞു. രോഗികൾ കൂടുതലെത്തുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും രോഗികളെ ദുരിതത്തിലാക്കി. സ്വകാര്യ ആശുപത്രികളിലും ഡോക്ടർമാരും സമരത്തിൽ പങ്കെടുത്തതോടെ ദുരിതം ഇരട്ടിയായി.