തിരുവനന്തപുരം:കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര. കേസിൽ അടുത്ത തവണ മുതൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന ബൈജു കൊട്ടാരക്കരയുടെ ആവശ്യം കോടതി തള്ളി. നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്‌ജിയെ അപകീർത്തിപ്പെടുത്തിയതിനാണ് ഹൈക്കോടതി ബൈജു കൊട്ടാരക്കരയ്‌ക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തത്.
കേസിൽ രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാൻ ഡിവിഷൻ ബഞ്ച് നിർദേശിച്ചു. വിശദീകരണം പരിശോധിച്ച ശേഷം നേരിട്ട് ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂവെന്നും ഹൈക്കോടതി പറഞ്ഞു.
ജഡ്‌ജിയെ ആക്ഷേപിക്കാനോ ജുഡീഷ്യറിയെ അപമാനിക്കാനോ ശ്രമിച്ചില്ലെന്നു വ്യക്തമാക്കിയ ബൈജു കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. ഇക്കാര്യം രേഖാമൂലം സമർപ്പിക്കാൻ ഡിവിഷൻ ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.