തിരുവനന്തപുരം:മുട്ടിൽ മരം മുറി കേസിലെ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയ വയനാട് ഡിഎഫ്ഒ ധനേഷ് കുമാർ വീണ്ടും അന്വേഷണ സംഘത്തിൽ. നോർത്ത് സോണിലെ അന്വേഷണ ചുമതലയടക്കം നൽകി അധിക ചുമതലയോടെയാണ് അദ്ദേഹത്തെ അന്വേഷണ സംഘത്തിൽ തിരിച്ചെടുത്തിരിക്കുന്നത്. സംഭവത്തിൽ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയ ധനേഷിനെ മാറ്റിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
Also Read:ഡിഎഫ്ഒ പി.ധനേഷ്‌കുമാര്‍; മികച്ച ട്രാക്ക് റെക്കോഡിന് ഉടമ
കോഴിക്കോട് ഫ്ലയിംഗ് സക്വാഡ് ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാറായിരുന്നു കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയത്. സംഭവം അന്വേഷിക്കുന്ന അഞ്ച് ഡിഎഫ്ഒമാരിൽ ഒരാളായിരുന്നു ധനേഷ്. കേസിലെ പ്രതി റോജി അഗസ്റ്റിൻ ചില മാധ്യമങ്ങളിലൂടെ ധനേഷിന് കോഴ നൽകിയതായി ആരോപിച്ചിരുന്നു.
Also Read:വനംവകുപ്പിന്‍റെ നടപടികൾ തുടരാമെന്ന് ഹൈക്കോടതി
റോജി അഗസ്റ്റിന്‍റെ ആരോപണത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ അന്വേഷണത്തിൽ നിന്നും ഒഴിവാക്കിയത്. എന്നാൽ സംഭവത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് വനംവകുപ്പ് മന്ത്രി പറഞ്ഞു. തുടർന്നാണ് മന്ത്രി നേരിട്ട് ഇടപെട്ട് അധിക ചുമതല നൽകി ധനേഷ് കുമാറിനെ തിരിച്ചെടുത്തത്.