കേരളം

kerala

ഡിജിപി ടോമിൻ ജെ തച്ചങ്കരി നാളെ വിരമിക്കും; വൈകിട്ട് പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ്

By

Published : Jul 30, 2023, 7:22 PM IST

ഇടുക്കി ജില്ലയിലെ കലയന്താന്നി ഗ്രാമത്തില്‍ ജനിച്ച ടോമിന്‍ ജെ തച്ചങ്കരി 1987 ബാച്ചിലെ ഐപിഎസ് ഓഫിസറാണ്. നിലവിൽ മനുഷ്യാവകാശ കമ്മിഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിജിപിയാണ്.

DGP Tomin J Thachankary will retire tomorrow  Tomin J Thachankari  ടോമിൻ ജെ തച്ചങ്കരി  ടോമിൻ ജെ തച്ചങ്കരി നാളെ വിരമിക്കും  ഡിജിപി ടോമിൻ ജെ തച്ചങ്കരി  Kerala police  തിരുവനന്തപുരം  kerala police headquarters  കേരള പൊലീസ്
DGP Tomin J Thachankary

തിരുവനന്തപുരം : കേരളത്തിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ടോമിൻ ജെ തച്ചങ്കരി നാളെ(ജൂലൈ 31) സേവനത്തിൽ നിന്നും വിരമിക്കും. നിലവിൽ മനുഷ്യാവകാശ കമ്മിഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിജിപിയായി സേവനം ചെയ്യുന്ന ഇദ്ദേഹം 1987 ബാച്ചിലെ ഐപിഎസ് ഓഫിസറാണ്. പൊലീസ് ഡിപ്പാർട്മെന്‍റിന് പുറമെ കെഎസ്‌ആർടിസി, കേരള ഫിനാൻഷ്യൽ കോർപറേഷൻ, കൺസ്യൂമർഫെഡ്, കെബിപിഎസ് തുടങ്ങിയ സ്ഥാപനങ്ങളിലും തച്ചങ്കരി മേൽനോട്ടം വഹിച്ചിട്ടുണ്ട്.

നാളെ രാവിലെ 7.40 ന് തിരുവനന്തപുരത്ത് എസ്എപി പരേഡ് ഗ്രണ്ടില്‍ കേരള പൊലീസ് അദ്ദേഹത്തിന് വിടവാങ്ങല്‍ പരേഡ് നല്‍കും. വൈകിട്ട് നാലു മണിക്ക് പൊലീസ് ആസ്ഥാനത്താണ് ഔദ്യോഗിക യാത്രയയപ്പ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്.

കേരള കേഡറില്‍ എഎസ്‌പിയായി ആലപ്പുഴയില്‍ സര്‍വീസ് ആരംഭിച്ച ഇദ്ദേഹം കോഴിക്കോട് റൂറല്‍, ഇടുക്കി, എറണാകുളം റൂറല്‍, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ എസ്‌പിയായി പ്രവര്‍ത്തിച്ചു. കോട്ടയം ക്രൈംബ്രാഞ്ച്, ക്രൈംബ്രാഞ്ചിന്‍റെ സ്പെഷ്യല്‍ സെല്‍, ടെലികമ്മ്യൂണിക്കേഷന്‍, റെയില്‍വേസ് എന്നിവിടങ്ങളിലും എസ്‌പി ആയിരുന്നു. എറണാകുളം ക്രൈംബ്രാഞ്ച്, ടെക്‌നിക്കല്‍ സര്‍വീസസ് എന്നിവിടങ്ങളില്‍ ഡിഐജി ആയി ജോലി ചെയ്‌തിരുന്നു. ഇടക്കാലത്ത് കേരള ബുക്ക്‌സ് ആന്‍റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി മാനേജിങ് ഡയറക്‌ടറായിരുന്നു.

സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, പൊലീസ് ആസ്ഥാനം, കണ്ണൂര്‍ റേഞ്ച് എന്നിവിടങ്ങളില്‍ ഐജി ആയും ജോലി ചെയ്‌തു. ഐജി ആയിരിക്കെ കേരള മാര്‍ക്കറ്റ്‌ഫെഡ്, കണ്‍സ്യൂമര്‍ഫെഡ്, കേരളാ ബുക്‌സ് ആന്‍റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി എന്നിവിടങ്ങളില്‍ മാനേജിങ് ഡയറക്‌ടറായി. പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് ഐജി ആയും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായും പ്രവര്‍ത്തിച്ചു.

എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കോസ്റ്റല്‍ സെക്യൂരിറ്റിയിലായിരുന്നു ആദ്യ നിയമനം. പൊലീസ് ആസ്ഥാനം, സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, ആംഡ് പൊലീസ് ബറ്റാലിയന്‍, കോസ്റ്റല്‍ പൊലീസ്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എഡിജിപിയായിരുന്നു. കെഎസ്‌ആര്‍ടിസിയുടെ ചെയര്‍മാന്‍ ആന്‍റ് മാനേജിങ് ഡയറക്‌ടറുടെ അധിക ചുമതല വഹിച്ചു. കേരള ബുക്‌സ് ആന്‍റ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്‌ടര്‍, കേരള പോലീസ് ഹൗസിംഗ് ആന്‍റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്‌ടര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഫയര്‍ ആന്‍റ് റെസ്ക്യു മേധാവിയായും പ്രവര്‍ത്തിച്ചു. കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്‌ടര്‍ തസ്‌തികയിലായിരുന്നു ഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ചശേഷമുളള ആദ്യനിയമനം. തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മിഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിജിപി ആയത്.

ഇടുക്കി ജില്ലയിലെ കലയന്താന്നി ഗ്രാമത്തില്‍ ജനിച്ച ടോമിന്‍ ജെ തച്ചങ്കരി ആലക്കോട്, കലയന്താന്നി, മുതലക്കോടം എന്നിവിടങ്ങളിലായാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ പഠനത്തിനുശേഷം ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. പരേതയായ അനിത തച്ചങ്കരിയാണ് ഭാര്യ. മേഘ തച്ചങ്കരി, കാവ്യ തച്ചങ്കരി എന്നിവരാണ് മക്കള്‍.

ABOUT THE AUTHOR

...view details