സ്വപ്നയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് വിജിലന്‍സിന് കൈമാറണമെന്ന് ഡിജിപി
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി കെഎസ്ഐടിഐഎല്ലിലെ സ്പേസ് പാർക്കിൽ കരാർ ജോലി നേടിയ സ്വപ്നക്കെതിരെ കെഎസ്ഐടിഐഎൽ മേധാവി ജയശങ്കർ പ്രസാദാണ് കേസ് നൽകിയത്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്‍റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് വിജിലന്‍സിന് കൈമാറണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് പൊലീസ് മേധാവി കത്ത് നല്‍കി. കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തില്‍ നടക്കുന്ന കേസന്വേഷണത്തില്‍ ഇതുവരെയും ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് വിജിലന്‍സിന് കൈമാറണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ കത്തിലൂടെ ആവശ്യപ്പെട്ടത്. ജൂലൈ 13ന് രജിസ്റ്റര്‍ ചെയ്ത കേസ് വിജിലന്‍സിന് കൈമാറണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും ഡി.ജി.പിക്കു ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്വപ്‌ന സുരേഷ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സ്‌പേസ് പാര്‍ക്കില്‍ ഉന്നത ജോലി സമ്പാദിച്ചെന്ന പരാതിയിലാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. സ്‌പേസ് പാര്‍ക്കിന്‍റെ ചുമതലയുള്ള സംസ്ഥാന ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എം.ഡിയാണ് വ്യാജ സര്‍ട്ടിഫിക്കേറ്റ് സംബന്ധിച്ച പരാതി കന്‍റോണ്‍മെന്‍റ് പൊലീസിന് കൈമാറിയത്. മഹരാഷ്ട്രയിലെ ഡോ.ബാബാ സാഹേബ് അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിലെ ബികോം സര്‍ട്ടിഫിക്കറ്റാണ് ജോലിക്കായി സ്വപ്‌ന സുരേഷ് ഹാജരാക്കിയത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സര്‍വ്വകലാശാല വ്യക്തമാക്കി.