തിരുവനന്തപുരം :പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഹോട്ടലുകളില്‍ നടക്കാനിടെയുള്ള ഡി.ജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണം. എസ്.പിമാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്താണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊച്ചിയിലും പൂവാറിലും സമീപകാലത്ത് ഡി.ജെ പാര്‍ട്ടികളില്‍ ലഹരിമരുന്ന് ഉപയോഗിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. പതിവായി ഡി.ജെ പാര്‍ട്ടി നടക്കുന്ന തലസ്ഥാനത്തെ രണ്ട് ഹോട്ടലുകള്‍ക്ക് ഇത് സംബന്ധിച്ച് പൊലീസ് നോട്ടീസ് നല്‍കി.
ഡി.ജെ പാര്‍ട്ടി നടത്തുന്നതിന് നിരോധനം ഇല്ലെങ്കിലും രാത്രി 10 മണിക്ക് ശേഷം ഇത്തരം പാര്‍ട്ടികള്‍ പാടില്ല. 10 ന് ശേഷം നടക്കുന്ന പാര്‍ട്ടികള്‍ പൊലീസ് ഇടപെട്ട് നിര്‍ത്തിവയ്പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. പാര്‍ട്ടികളെല്ലാം സി.സി.ടി.വിയില്‍ ചിത്രീകരിക്കുകയും പൊലീസ് ആവശ്യപ്പെട്ടാലുടന്‍ ഹാജരാക്കുകയും വേണം. ലഹരിയുടെ ഉപയോഗം നടക്കുന്നില്ലെന്ന കാര്യം എല്ലാ എസ്.എച്ച്.ഒമാരും ഉറപ്പ് വരുത്തേണ്ടതാണ്.