തിരുവനന്തപുരം: ചട്ടം ലംഘിച്ച് പൊലീസ് പരിശീലന കേന്ദ്രം പത്തനംതിട്ടയിൽ നിന്നും കൊച്ചിയിലേക്ക് മാറ്റിയതായി ഡിജിപി ലോകനാഥ് ബെഹ്റക്കെതിരെ ആരോപണം. സർക്കാരിന്‍റെ അനുമതിയില്ലാതെയാണ് പരിശീലന കേന്ദ്രം മാറ്റാൻ ഡിജിപി തീരുമാനിച്ചത്. തീരുമാനത്തിന് അംഗീകാരം നൽകണമെന്ന ഡിജിപിയുടെ അപേക്ഷയെ തുടർന്ന് നടപടി സാധൂകരിച്ച് സർക്കാർ ഉത്തരവിറക്കി. 2017-18 ലെ സ്റ്റേറ്റ് പ്ലാൻ സ്‌കീമിൽ ഉൾപ്പെടുത്തിയാണ് പൊലീസ് വകുപ്പിന് പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ അഞ്ച് പരിശീലന കേന്ദ്രങ്ങൾ നിർമിക്കാൻ സർക്കാർ അനുമതി നൽകിയത്.
ഡിജിപി വീണ്ടും കുരുക്കിൽ; സർക്കാരിന്‍റെ അനുമതിയില്ലാതെ പൊലീസ് പരിശീലന കേന്ദ്രം കൊച്ചിയിലേക്ക് മാറ്റി - പൊലീസ് പരിശീലന കേന്ദ്രം കൊച്ചിയിലേയ്ക്ക് മാറ്റി
പത്തനംതിട്ടയ്ക്ക് അനുവദിച്ച പരിശീലന കേന്ദ്രമാണ് അനുമതിയില്ലാതെ ഡിജിപി കൊച്ചിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
ഒരു പരിശീലന കേന്ദ്രത്തിന് 90 ലക്ഷം വീതം കണക്കാക്കി 450 ലക്ഷം രൂപയുടേതായിരുന്നു പദ്ധതി. ഇതിൽ പത്തനംതിട്ടക്ക് അനുവദിച്ച പരിശീലന കേന്ദ്രമാണ് ഡിജിപി അനുമതിയില്ലാതെ കൊച്ചിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. പത്തനംതിട്ടയിൽ സായുധസേന ക്യാമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ കാലതാമസം നേരിടുമെന്ന ന്യായം നിരത്തിയാണ് പരിശീലന കേന്ദ്രം മാറ്റിയത്. ഡിജിപിയുടെ വാദം അംഗീകരിച്ച സർക്കാർ നടപടിയ്ക്ക് അംഗീകാരം നൽകുകയായിരുന്നു. ഇതോടെ ഡിജിപിയ്ക്ക് സർക്കാർ ഒത്താശ ചെയ്യുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. പൊലീസ് തലപ്പത്തെ അഴിമതിയിൽ വെട്ടിലായ സർക്കാരിനെ ഡിജിപിയ്ക്കെതിരായ പുതിയ ആരോപണം കൂടുതൽ പ്രതിസന്ധിയിലാക്കും.