തിരുവനന്തപുരം: ഗുണ്ടാ മാഫിയ - പൊലീസ് ബന്ധത്തിൽ കർശന നടപടിക്ക് നിർദേശം നൽകി പൊലീസ് മേധാവി അനിൽ കാന്ത്. ഇത്തരം ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമത്തിന്‍റെ പഴുതുകളിലൂടെ രക്ഷപ്പെടാന്‍ അവസരം ലഭിക്കാത്ത വിധം നടപടി സ്വീകരിക്കണമെന്ന് പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിൽ ഡിജിപി അനിൽ കാന്ത് നിർദേശിച്ചു. ഗുണ്ടാ ബന്ധത്തിൽ ഏർപ്പെടുന്ന പൊലീസുകാർക്കെതിരെ റാങ്ക് വ്യത്യാസമില്ലാതെ നടപടി സ്വീകരിക്കാനും ഇതിനായി കൃത്യമായ നിയമോപദേശം തേടാനും യോഗം തീരുമാനിച്ചു.
ഇത്തരം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൃത്യമായ ഇടവേളകളില്‍ പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല പൊലീസ് മേധാവിമാര്‍ക്കും ഡി.ഐ.ജിമാർക്കും നിർദേശം നൽകി. ഇതിനൊപ്പം മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന ഉദ്യോഗസ്ഥരെ ആദരിക്കണമെന്നും യോഗത്തിൽ ഡിജിപി പറഞ്ഞു. കാപ്പ നിയമ പ്രകാരമുളള നടപടി ക്രമങ്ങളില്‍ വിവിധ ജില്ലകളില്‍ നല്ല പുരോഗതി കൈവരിച്ചതായും യോഗം വിലയിരുത്തി. കൂടാതെ ലഹരി വസ്‌തുക്കള്‍ പിടികൂടുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു.
കഴിഞ്ഞ ആറ് മാസത്തിനുളളില്‍ ലഹരി പദാര്‍ഥങ്ങള്‍ കണ്ടുകെട്ടുന്നത് സംബന്ധിച്ച കേസുകളില്‍ വിവിധ ജില്ലകളില്‍ വലിയ പുരോഗതി ഉണ്ടായെന്നും യോഗം വിലയിരുത്തി. ലഹരി മരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കാന്‍ സാധിച്ചതില്‍ എറണാകുളം റൂറല്‍, മലപ്പുറം, കാസര്‍കോട് ജില്ല പൊലീസ് മേധാവിമാരെ യോഗത്തില്‍ അഭിനന്ദിച്ചു. മയക്കുമരുന്ന് ഉപയോഗിച്ച് ബസ് ഓടിക്കുന്ന ഡ്രൈവര്‍മാരെ കണ്ടെത്തുന്നതിന് സംസ്ഥാനമൊട്ടാകെയുള്ള ബസ് സ്റ്റാന്‍റുകളില്‍ പ്രത്യേക മിന്നല്‍ പരിശോധന നടത്തും. നിയമ ലംഘനം നടത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് ഉടനടി റദ്ദാക്കാനും യോഗം തീരുമാനിച്ചു.
പൊതുജനങ്ങളോടുളള പൊലീസിന്‍റെ സമീപനം പൊതുവെ മെച്ചപ്പെട്ടതായി യോഗം വിലയിരുത്തി. എന്നാല്‍ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഇപ്പോഴും ഉയരുന്നതായി യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. ഈ പ്രവണത അനുവദിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാരാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ല സ്പെഷ്യല്‍ ബ്രാഞ്ചുകള്‍ ശക്തിപ്പെടുത്തുന്നതിന് ജില്ല പൊലീസ് മേധാവിമാര്‍ നേതൃത്വം നൽകണമെന്ന് ഡിജിപി നിര്‍ദേശിച്ചു.
ആഴ്‌ച തോറും ജില്ല പൊലീസ് മേധാവിമാര്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കാര്യങ്ങള്‍ കൃത്യമായി ചര്‍ച്ച നടത്തണമെന്നും ഡിജിപി പറഞ്ഞു. വ്യാപാരികളുടെ സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ പൊതു ഇടങ്ങളില്‍ പരമാവധി സ്ഥലത്ത് സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ ജില്ല പൊലീസ് മേധാവിമാര്‍ മുന്‍കൈ എടുക്കണം. വ്യാപാര സ്ഥാപനങ്ങളിലെ കാമറകളില്‍ ഒരെണ്ണം റോഡിലെ ദൃശ്യങ്ങള്‍ ലഭിക്കത്തക്ക വിധം ക്രമീകരിക്കാന്‍ വ്യാപാരികളോട് ആവശ്യപ്പെടണം.