തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശന കൂരമ്പുമായി ദേശാഭിമാനിയില്‍ ലേഖനങ്ങള്‍. ഇന്ന് (സെപ്‌റ്റംബര്‍ 20) പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ എഡിറ്റോറിയല്‍ പേജിലാണ് രൂക്ഷ വിമര്‍ശനമുയര്‍ത്തിയ ലേഖനങ്ങള്‍. 'എന്നും പദവിക്ക് പിന്നാലെ; നിലപാടുകള്‍ വിറ്റ് ബിജെപിയില്‍', 'ജയിന്‍ ഹവാലയിലെ മുഖ്യപ്രതി' എന്നീ തലക്കെട്ടുകളിലാണ് ഇവ പ്രസിദ്ധീകരിച്ചത്.
ഇതുവരെ നേടിയ രാഷ്‌ട്രീയ മൂലധനം മുസ്‌ലിം സമുദായത്തിന്‍റെ ഉന്മുലനം തന്നെ ലക്ഷ്യമിടുന്ന ഒരു പാര്‍ട്ടിയുടെ പിന്നാമ്പുറത്ത് വിലപേശി വിറ്റുകിട്ടിയ നേട്ടങ്ങളില്‍ ആരിഫ് മുഹമ്മദ് ഖാന്‍ മതിമറന്നാടുകയാണെന്ന് ആദ്യ ലേഖനം ആരോപിക്കുന്നു. ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് അതിരുകടക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് സിപിഎം മുഖപത്രത്തിലെ ലേഖനം.
'ബിജെപിയുടെ കൂലിപ്പടയാളി':1998ല്‍ എബി വാജ്‌പേയ് സര്‍ക്കാരിന് എംപിമാരെ കിട്ടാന്‍ പണവും പദവിയും വാഗ്‌ദാനം ചെയ്‌തെന്ന ഗുരുതര ആരോപണം ഉന്നയിച്ച ആള്‍ ഇതേ പാര്‍ട്ടിയുടെ കൂലിപ്പടയാളിയായി കേരള സര്‍ക്കാരിനെതിരെ അസംബന്ധ യുദ്ധം നയിക്കുന്നുവെന്ന് ആദ്യ ലേഖനം ആരോപിക്കുന്നു. 1998 ഡിസംബറില്‍ ബിജെപിയും വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്‌ദളും ചേര്‍ന്ന് മായാവതിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തി. ഇങ്ങനെയുള്ള വ്യക്തി ക്രാന്തി ദള്‍, ജനത പാര്‍ട്ടി, ബിഎസ്‌പി, കോണ്‍ഗ്രസ് എന്നിങ്ങനെ നിരവധി പാര്‍ട്ടികളില്‍ മറുകണ്ടം ചാടിക്കളിച്ചതിനെതിരെയും തുടര്‍ന്ന് തുടക്ക കാലത്ത് ഗുരുതര ആരോപണമുയര്‍ത്തിയ പാര്‍ട്ടിയുടെ ഭാഗമായെന്നും 'എന്നും പദവിക്ക് പിന്നാലെയെന്ന ലേഖനം' ചുണ്ടിക്കാണിക്കുന്നു.
ALSO READ|വിടാതെ സിപിഐയും: ഗവര്‍ണര്‍ ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന് രാജ്ഭവനെ വേദിയാക്കുന്നുവെന്ന് ജനയുഗം
മൂന്നുകൊല്ലം പദവികള്‍ ഇല്ലാതായതോടെ ബിജെപി വിടുകയും തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളെ പരസ്യമായി പിന്തുണച്ച് നിലകൊണ്ട് 2019 ല്‍ കേരള ഗവര്‍ണറായി. എൺപതുകളുടെ അവസാനം തത്വാധിഷ്‌ഠിത രാഷ്‌ട്രീയത്തിന്‍റെ പ്രതിനിധിയായി വാഴ്‌ത്തപ്പെട്ട ഒരു രാഷ്‌ട്രീയ നേതാവിന്‍റെ പതനത്തിന്‍റെ അവസാന അധ്യായമാണ് ഇന്ന് മലയാളിക്ക് മുന്നിൽ അദ്ദേഹം ആടിത്തീർക്കുന്നത്. കാണാൻ ചേലുണ്ട്. പക്ഷേ, അത് സംസ്ഥാന താത്‌പര്യങ്ങൾ പോലും ഹനിക്കുംവിധമാകുമ്പോൾ ഈ നാട് കണ്ടുനിൽക്കുമോ?. കണ്ടറിയണമെന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന ഈ നാല് കോളമുള്ള ലേഖനം ശ്രീകുമാര്‍ ശേഖറാണ് എഴുതിയത്.
'കേസില്‍ കൂടുതല്‍ പണം വാങ്ങിയയാള്‍':സ്വന്തം നേട്ടങ്ങൾമാത്രം ലക്ഷ്യമിട്ടുള്ള ആരിഫ് മുഹമ്മദ് ഖാന്‍റെ രാഷ്‌ട്രീയ ജീവിതത്തിൽ അഴിമതിയുടെ കളങ്കവും ആവോളമുണ്ടെന്ന് പറഞ്ഞുള്ള രണ്ടാമത്തെ ലേഖനം ജയിന്‍ ഹവാല കേസിനെക്കുറിച്ചാണ്. 1989ൽ കേന്ദ്രമന്ത്രി സഭയിൽ അംഗമായപ്പോഴാണ് കുപ്രസിദ്ധമായ ജയിൻ ഹവാല കേസിൽ ഉൾപ്പെടുന്നത്. ഈ ഇടപാടിൽ ഏറ്റവും കൂടുതൽ പണം കൈപ്പറ്റിയ രാഷ്‌ട്രീയ നേതാവും ആരിഫ് മുഹമ്മദ് ഖാനാണ്. 7.63 കോടി രൂപയാണ് പല തവണകളിലായി വാങ്ങിയത്. മാധ്യമ പ്രവർത്തകൻ സഞ്ജയ് കപൂർ എഴുതിയ ‘ബാഡ് മണി, ബാഡ് പൊളിറ്റിക്‌സ് - ദി അൺടോൾഡ് ഹവാല സ്‌റ്റോറി’ എന്ന പുസ്‌തകം ഉദ്ദരിച്ചാണ് ലേഖനം.
കേസില്‍ കുടുങ്ങി ആരും രക്ഷയ്‌ക്ക് എത്തില്ലെന്ന് സംശയം തോന്നിയ ആരിഫ്, ആൾദൈവം ചന്ദ്രസ്വാമി തനിക്കെതിരെ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് കേസെന്ന് ആരോപിച്ചു. പ്രധാനമന്ത്രി നരസിംഹ റാവുമായി അടുത്ത ബന്ധമുള്ള ചന്ദ്രസ്വാമി തനിക്കെതിരെ നീക്കങ്ങൾ നടത്തുകയാണെന്നും വിശ്വസിച്ചു. ഹവാല അഴിമതിയുടെ ഭാഗമാണ് അന്വേഷണമെന്ന് ഒരിക്കൽപ്പോലും സമ്മതിക്കാൻ തയ്യാറായില്ല. തുടർന്ന് കേസിൽനിന്ന് രക്ഷപ്പെടാനും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും തന്റെ മണ്ഡലമായ യുപിയിലെ ബഹ്റൈച്ചിൽനിന്ന് ഡൽഹിയിലേക്ക് പദയാത്ര നടത്തി.
'അധികാര ദുർവിനിയോഗത്തിലുടെ സമ്പാദിച്ചു':മന്ത്രിയായും ജനപ്രതിനിധിയായും പ്രവർത്തിക്കുമ്പോൾ അധികാര ദുർവിനിയോഗം നടത്തി പണം സമ്പാദിച്ച ആരിഫ് മുഹമ്മദ് ഖാന്‍റെ തനിനിറം പുറത്തുകൊണ്ടുവരുന്നതാണ് സഞ്ജയ് കപൂറിന്‍റെ പുസ്‌തകം. തെളിവുകൾ ഉണ്ടായിട്ടും ഉന്നത ഇടപെടലുകളെത്തുടർന്ന് കേസ് അട്ടിമറിക്കപ്പെട്ടു. ഡയറിക്കുറിപ്പുകൾ തെളിവായി പരിഗണിക്കില്ലെന്ന കോടതി നിലപാടാണ് ഹവാല ഇടപാടുകാർക്ക് തുണയായത്. ഇത്തരത്തിൽ ഹവാല അഴിമതി ആരോപണം നേരിട്ടയാളാണ് ഒരു അഴിമതിയിലും ഉൾപ്പെടാത്ത ഇടതുപക്ഷത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്നും രണ്ടാം ലേഖനം ആരോപിക്കുന്നു. മൂന്ന് കോളമുള്ള ഈ ലേഖനം തയ്യാറാക്കിയത് കെഎ നിധിന്‍നാഥ് എന്നും ഉള്‍പ്പെടുത്തിയിട്ടുണ്ട്.