തിരുവനന്തപുരം :ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി. സാമാന്യ ബോധം പോലും നഷ്‌ടപ്പെട്ട നിലയിലാണ് ഗവര്‍ണറുടെ രാജ്‌ഭവനിൽ നിന്നുള്ള പ്രതികരണമെന്നാണ് ദേശാഭിമാനിയുടെ എഡിറ്റോറിയലിലെ കുറ്റപ്പെടുത്തല്‍. ഗവർണറുടെ നടപടികളും പ്രതികരണങ്ങളും നിയമപരവും യുക്തിസഹവും അല്ലാതായിട്ട് കുറച്ചുകാലമായി.
സർക്കാരിനോട് നിരന്തരം ഏറ്റുമുട്ടുക, ഭരണപരമായ കാര്യങ്ങളിൽ ഇടങ്കോലിടുക എന്നിവയാണ് ഗവർണറുടെ ചെയ്‌തികൾ. ഗവർണറുടെ അമിതാധികാര പ്രയോഗങ്ങൾക്ക് ഭരണഘടന വകുപ്പുകളുടെയോ ചട്ടങ്ങളുടെയോ കീഴ്‌വഴക്കങ്ങളുടെയോ പിൻബലമില്ല. സ്വമേധയാ പ്രവർത്തിക്കാൻ ഗവർണർക്ക് അവസരമുണ്ടാകുന്നത് മന്ത്രിസഭ നിലവിലില്ലാതെ, ഭരണഘടനാദത്തമായ ചുമതലയുള്ളപ്പോൾ മാത്രമാണ്.
തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്ന പാർട്ടിയുടേയോ മുന്നണിയുടെയോ സഭാനേതാവിനെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കുകയും സത്യപ്രതിജ്ഞ ചെയ്യിക്കുകയുമാണ് ഗവർണറുടെ ചുമതല. എന്നാൽ പല സംസ്ഥാനങ്ങളിലും സർക്കാരുകളെ അട്ടിമറിക്കാൻ ഗവർണർമാർ ഒത്താശ ചെയ്യുന്നു.
ഇതൊന്നും സാധ്യമാകാത്ത ഇടങ്ങളിൽ ഗവർണർമാർ ഭരണപ്രതിസന്ധിയുണ്ടാക്കുന്നു. ഓർഡിനൻസുകളും ബില്ലുകളും ഒപ്പിടാതിരിക്കുക, ഭരണനടപടികളിൽ ഇടപെടുക, സർവകലാശാലകളെ രാഷ്‌ട്രീയവേദിയാക്കുക, രാജ്‌ഭവനുകൾ ആർഎസ്‌എസ് കേന്ദ്രമാക്കുക, ആഡംബര ജീവിതത്തിന് സർക്കാരിൽ സമ്മർദം ചെലുത്തുക, രാഷ്‌ട്രീയ പ്രസ്‌താവനകൾ നടത്തുക തുടങ്ങിയവയാണ് കേന്ദ്ര പ്രതിപുരുഷൻമാരായ ഗവർണർമാരുടെ വിക്രിയകൾ.
ഗവർണർ തുടരെ തുടരെ സൃഷ്‌ടിക്കുന്ന പ്രതിസന്ധികൾ അവഗണിക്കാവുന്നതല്ല. ഭരണഘടനയെ ചവിട്ടിമെതിച്ച് കേന്ദ്ര ഭരണകക്ഷിയുടെ ചട്ടുകമായി ഗവർണറെ തുടർന്നും ഉപയോഗിക്കാനാണ് നീക്കമെങ്കിൽ കേരളം വഴങ്ങുമെന്ന് പ്രതീക്ഷിക്കരുതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.