തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ചികിത്സാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ആരോഗ്യ വകുപ്പ്. രോഗികളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിലാണ് പ്രധാനമായും മാറ്റം കൊണ്ടുവന്നിട്ടുള്ളത്. ഇനിമുതൽ രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിന് ആന്‍റിജൻ പരിശോധനയിൽ നെഗറ്റീവ് ആയാൽ മതിയാവും.
സംസ്ഥാനത്തെ കൊവിഡ് ചികിത്സാ മാനദണ്ഡം പരിഷ്കരിച്ചു
ഇനിമുതൽ കൊവിഡ് രോഗികൾക്ക് ആശുപത്രി വിടുന്നതിന് ആന്‍റിജൻ പരിശോധനയിൽ നെഗറ്റീവ് ആയാൽ മതിയാവും
പിസിആർ പരിശോധന വേണ്ട. രോഗികളുടെ എണ്ണം വർധിക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനം. ഇത് രണ്ടാം തവണയാണ് സംസ്ഥാനം ഡിസ്ചാർജ് പ്രോട്ടോകോളിൽ മാറ്റം വരുത്തുന്നത്. നേരത്തെ രണ്ട് പിസിആർ ടെസ്റ്റ് എന്നത് ഒന്ന് ആക്കി മാറ്റിയിരുന്നു. രോഗ ലക്ഷണങ്ങൾ ഇല്ലാതെ പോസിറ്റീവായവരെ 10 ദിവസത്തിനുശേഷം ആന്‍റിജൻ പരിശോധനക്ക് വിധേയമാക്കും. ഇതിൽ നെഗറ്റീവ് ആയാൽ ആശുപത്രി വിടാം. വീണ്ടും പോസിറ്റീവ് ആണെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന തുടരും. നേരിയ രോഗലക്ഷണങ്ങളോടെ കൊവിഡ് പോസിറ്റീവായവർക്കും ഇതുതന്നെയാണ് മാർഗനിർദേശം. രോഗലക്ഷണങ്ങളോടെ പോസിറ്റീവ് ആയാൽ 14 ദിവസത്തിനു ശേഷം പരിശോധന നടത്തും. ഇതിൽ നെഗറ്റീവായാൽ മൂന്ന് ദിവസത്തെ ആശുപത്രി നിരീക്ഷണത്തിന്നു ശേഷം മാത്രമേ ആശുപത്രി വിടാനാകൂ. ഇത്തരത്തിൽ രോഗം ഭേദമായവരെല്ലാം ഏഴ് ദിവസം വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയണം.