തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന്‍റെ സ്രവ പരിശോധന നടത്തുന്നതിൽ ആരോഗ്യ വകുപ്പിന് വീഴ്‌ച. വൈദികന്‍റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച വൈദികൻ കെ.ജി.വർഗീസിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഒരു മാസത്തിലധികമായി തിരുവനന്തപുരം മെഡിക്കൽ കോളജിലും പേരൂർക്കട ജില്ലാ ആശുപത്രിയിലും ചികിത്സയിലായിരുന്നു വർഗീസ്. മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിൽ ചികിത്സ തേടിയതായി ജില്ലാ ഭരണകൂടം പുറത്തിറക്കിയ റൂട്ട് മാപ്പിൽ വ്യക്തമാക്കുന്നു. മെയ് 20 മുതലുള്ള വിവരങ്ങളാണ് പുറത്ത് വിട്ടത്. അപകടത്തിൽ പെട്ട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്ക് ശേഷം വൈദികനെ പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശേഷം, ഇരുപതിന് മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗത്തിൽ നിന്ന് പേരൂർക്കട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പുരുഷൻമാരുടെ ശസ്‌ത്രക്രിയ വിഭാഗത്തിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. മെയ് 21ന് 41-ാം നമ്പർ ബെഡിലേക്ക് മാറ്റി. 23ന് പനി അനുഭവപ്പെട്ടതിനെ തുടർന്ന് വൈദികനെ വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവിടുത്തെ അത്യാഹിത വിഭാഗത്തിലും ഇഎൻടി കാഷ്വാലിറ്റിയിലുമാണ് ചികിത്സ നൽകിയത്. അതിനു ശേഷം ഇയാളെ തിരികെ വീണ്ടും പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി.