തിരുവനന്തപുരം:സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി. കൊല്ലം പള്ളിമണ്‍ ആറ്റില്‍ ചൊവ്വാഴ്ച (02.08.2022) കുളിക്കാനിറങ്ങിയ നൗഫലിന്റെ (21) മൃതദേഹം കണ്ടെത്തിയതോടെയാണ് മരണ സംഖ്യ 15 ആയി ഉയര്‍ന്നത്. പള്ളിമണ്‍ ചീര്‍പ്പിന് താഴ്ഭാഗത്തായാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലം കിളികൊല്ലൂര്‍ അനുഗ്രഹ നഗര്‍ സ്വദേശിയാണ് നൗഫല്‍.
Also read: ആശ്വാസം, മഴയുടെ ശക്തി കുറയുന്നു; ഏഴ് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു
അതേസമയം, ഇന്നലെ (02.08.2022) മാത്രം കണ്ണൂരില്‍ - മൂന്ന്, തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒരോരുത്തര്‍ വീതമാണ് മഴക്കെടുതിയില്‍ മരിച്ചത്. കണ്ണൂര്‍ ഇരിട്ടി താലൂക്കിലെ കണിച്ചാല്‍ വില്ലേജിലുണ്ടായ ഉരുള്‍പൊട്ടലില്‍ പിഞ്ചു കുഞ്ഞടക്കം മൂന്നു പേര്‍ മരിച്ചു. ഇവിടെ മൂന്നിടത്ത് ഇന്നലെ ഉരുള്‍പൊട്ടിയിരുന്നു. കരസേനയുടെയും, ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം നടത്തി.
തിരുവനന്തപുരത്ത് കന്യാകുമാരി പുത്തന്‍തുറ സ്വദേശി കിങ്സ്റ്റണ്‍ (27) കടലില്‍ തിരയില്‍പെട്ടാണ് മരിച്ചത്. കോട്ടയം കൂട്ടിക്കലില്‍ മലവെള്ളപ്പാച്ചിലില്‍പെട്ടാണ് കൂട്ടിക്കല്‍ കുന്നുപറമ്പില്‍ റിയാസ് (45) മരിച്ചത്. എറണാകുളം കുട്ടമ്പുഴയില്‍ തിങ്കളാഴ്ച (01.08.2022) കാണാതായ കാവനാകുടിയില്‍ പൗലോസിനെ (65) വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ ശരീരത്തിലേക്ക് മരം ഒടിഞ്ഞു വീഴുകയായിരുന്നു.