തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്‍റേത് കസ്റ്റഡി മരണമല്ലെന്ന് സിബിഐ. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീജീവിനെ കസ്റ്റഡിയില്‍ എടുത്തതില്‍ പാറശാല പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ 2014 മെയിലാണ് ശ്രീജീവ് വിഷം ഉള്ളില്‍ ചെന്ന് മരണപ്പെട്ടത്. പൊലീസ് മര്‍ദിച്ച് വിഷം കുടിപ്പിക്കുകയായിരുന്നുവെന്നാണ് കുടുംബം ആരോപിച്ചത്. ഇതിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മൂന്ന് വര്‍ഷമായി സഹോദരന്‍ ശ്രീജിത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരുകയാണ്. സഹോദരന്‍ ശ്രീജിത്തിന്‍റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടത്.
ശ്രീജീവിന്‍റെ മരണം; ആത്മഹത്യയെന്ന് സിബിഐ
സിബിഐയുടെ റിപ്പോര്‍ട്ടിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന സഹോദരന്‍ ശ്രീജിത്ത് പറഞ്ഞു
ശാസ്ത്രീയ തെളിവുകളുടേയും ശ്രീജീവ് എഴുതിയതെന്ന് പറയുന്ന കുറിപ്പിന്‍റെയും അടിസ്ഥാനത്തില്‍ ആത്മഹത്യയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു. ശ്രീജീവ് താമസിച്ചിരുന്ന ആറ്റിങ്ങലിലെ ലോഡ്‌ജില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. പ്രണയനൈരാശ്യത്തിന്‍റെ പേരിലാണ് ആത്മഹത്യയെന്നും സിബിഐ പറയുന്നു. ശ്രീജിവിനെതിരെ പൊലീസെടുത്ത മോഷണക്കേസ് കള്ളക്കേസല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ കസ്റ്റഡിയില്‍ എടുക്കുന്നതില്‍ പൊലീസിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്യുന്ന സമയത്ത് പ്രതിയുടെ ദേഹ പരിശോധന നടത്തിയിരുന്നില്ല. വിഷം സൂക്ഷിച്ചിരുന്ന ബാഗ് പ്രതിയുടെ സമീപത്ത് തന്നെ വച്ചു. വിഷം കഴിച്ച ശേഷമാണ് ശ്രീജീവിനെ കസ്റ്റഡിയിലെടുത്തതെന്ന് തെളിയിക്കുന്നതിനായി അറസ്റ്റ് ചെയ്ത സമയത്തിലടക്കം പൊലീസ് രേഖകളില്‍ കൃത്രിമം നടത്തിയതായും സിബിഐ കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംഭവ സമയത്ത് പാറശാല സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സി.ഐ ഗോപകുമാര്‍, എസ്.ഐ ഡി. ബിജു, ഗ്രേഡ് എസ്.ഐ പി. മോഹനന്‍, കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടി വേണമെന്നും സിബിഐ വ്യക്തമാക്കി. സിബിഐയുടെ കണ്ടെത്തലുകളെ ശ്രീജീവിന്‍റെ സഹോദരന്‍ ശ്രീജിത്ത് തള്ളി. സത്യം തെളിയിക്കപ്പെടുന്നത് വരെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം തുടരുമെന്ന് ശ്രീജിത്ത് വ്യക്തമാക്കി.