തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. തെക്കന്‍ ആന്ധ്രാ പ്രദേശിനും വടക്കന്‍ തമിഴ്‌നാടിനും സമീപത്തായി നിലനില്‍ക്കുന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാത ചുഴിയാണ് ഞായറാഴ്‌ച ന്യൂനമര്‍ദമായി രൂപപ്പെടുക.
ന്യൂനമര്‍ദത്തിന്‍റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് നിലവിലെ കണക്ക് കൂട്ടല്‍. കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്‌നാട് തീരം, ശ്രീലങ്കന്‍ തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ തെക്കന്‍ ആന്ധ്രാതീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേ സമയം സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്തനിവാരണ സേനയുടെ ഒൻപത് സംഘങ്ങളെ വിന്യസിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.