തിരുവനന്തപുരം:മധ്യകിഴക്കന്‍ അറബിക്കടലിന് മുകളിലുള്ള ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നു. നിലവില്‍ 145 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വേഗതയില്‍ ചുഴലിക്കാറ്റ് മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിലവിലെ വിലയിരുത്തല്‍. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വടക്ക് - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഗുജറാത്തിന് സമീപത്തുകൂടി ഒമാന്‍ ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത. കേരളത്തെ നേരിട്ട് ചുഴലിക്കാറ്റ് ബാധിക്കില്ലെങ്കിലും അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കും. സംസ്ഥാന വ്യാപകമായി ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളിലാണ് പ്രധാനമായും മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിലും വെളളിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെളളിയാഴ്ചയ്ക്ക് മുന്‍പായി കേരളത്തില്‍ കാലവര്‍ഷമെത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി മിനിക്കോയ് ദ്വീപില്‍ നിന്നും കാലവര്‍ഷക്കാറ്റ് മുന്നോട്ട് പോകുന്നതില്‍ തടസ്സമുണ്ടായിട്ടുണ്ട്. എന്നാല്‍ ചുഴലിക്കാറ്റ് അകന്നുപോകുന്നതോടെ ഏതാനും ദിവസമായി ലക്ഷദ്വീപിലെത്തി നില്ക്കുന്ന കാലവര്‍ഷം കേരളത്തിലേക്ക് പ്രവേശിക്കാനുള്ള അനുകൂല സാഹചര്യം ഒരുങ്ങും. ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടര്‍ന്ന് മത്സ്യബന്ധനത്തിനും കടലോര ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും വിലക്കേര്‍പ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റിയാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കടല്‍ക്ഷോഭത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെയാണ് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ മത്സ്യബന്ധനത്തിനേര്‍പ്പെട്ടിരിക്കുന്നവരെ ഏറ്റവും അടുത്ത സുരക്ഷിത തീരത്തേക്കെത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. കടലോരമേഖലയിലേക്കുള്ള അവശ്യസര്‍വീസുകളൊഴികെയുള്ള ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു. കടലാക്രമണം രൂക്ഷമാകുന്ന പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ സജ്ജമാക്കാനും മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഉത്തരവിറക്കി.
ചുഴലിക്കാറ്റ് ഭീഷണി ഒഴിയുന്നതുവരെ തീരദേശമേഖലകളില്‍ ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്ട്രോള് റൂമുകള്‍ തയാറാക്കാനും നിര്‍ദേശമുണ്ട്. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തെക്ക് കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, ഗോവ തീരം, അറബിക്കടലിന്റെ മധ്യഭാഗം, മാലിദ്വീപ് പ്രദേശം, ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. വടക്കന്‍ ഗുജറാത്ത് തീരത്തോട് ചേര്‍ന്നുള്ള വടക്കുകിഴക്കന്‍ അറബിക്കടല്‍, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്നുള്ള കന്യാകുമാരി തീരം, എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.