കേരളം

kerala

ETV Bharat / state

കൽക്കരി ക്ഷാമത്തിൽ സംസ്ഥാനത്തും പ്രതിസന്ധി ; വൈദ്യുതി നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി - kseb

കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ അളവ് വലിയ രീതിയില്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് കേരളവും പ്രതിസന്ധിയിലേക്ക് പോകുന്നത്

Crisis in the state due to coal shortage  കൽക്കരി ക്ഷാമത്തിൽ സംസ്ഥാനത്തും പ്രതിസന്ധി  വൈദ്യുതി നിയന്ത്രണം  കെഎസ്ഇബി  coal shortage  kseb  electricity
കൽക്കരി ക്ഷാമത്തിൽ സംസ്ഥാനത്തും പ്രതിസന്ധി; വൈദ്യുതി നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി

By

Published : Oct 10, 2021, 12:52 PM IST

തിരുവനന്തപുരം : രാജ്യവ്യാപകമായി നേരിടുന്ന കല്‍ക്കരി ക്ഷാമത്തില്‍ കേരളവും വൈദ്യുതി പ്രതിസന്ധിയിലേക്ക്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് വലിയ രീതിയില്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് കേരളവും പ്രയാസത്തിലാകുന്നത്.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മൊത്തത്തിലുള്ള വൈദ്യുത ഉപഭോഗം 72.23 ദശലക്ഷം യൂണിറ്റാണ്. അതില്‍ 34.48 ദശലക്ഷം യൂണിറ്റ് മാത്രമാണ് സംസ്ഥാനത്ത് വിവിധ ജലവൈദ്യുത പദ്ധതികളില്‍ നിന്നായി ഉത്പാദിപ്പിച്ചത്. 37.75 ദശലക്ഷം യൂണിറ്റ് വൈദ്യുതി വിവിധ താപവൈദ്യുത നിലയങ്ങളില്‍ നിന്നായി കേരളം വാങ്ങിയതാണ്.

സംസ്ഥാനത്തിന് വൈദ്യുതി നല്‍കുന്ന താപ വൈദ്യുതി നിലയങ്ങളില്‍ പത്തുദിവസത്തില്‍ താഴെ മാത്രമുള്ള കല്‍ക്കരി ശേഖരമാണുള്ളതെന്നാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ അറിയിച്ചിട്ടുള്ളത്. കൂടംകുളത്തുനിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന വൈദ്യുതിയില്‍ 70 ശതമാനം കുറവുണ്ടായിട്ടുണ്ട്.

Also Read: ഇന്ധനവില വീണ്ടും കൂട്ടി ; കേരളത്തിൽ സെഞ്ച്വറിയടിച്ച് ഡീസൽ വില

പ്രതിസന്ധി മാസങ്ങളോളം നിലനില്‍ക്കുമെന്നാണ് കല്‍ക്കരി മന്ത്രാലയത്തിന്‍റെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ വൈദ്യുത ഉപഭോഗത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

ഈ സാഹചര്യത്തില്‍ വൈദ്യുത ഉപഭോഗത്തില്‍ നിയന്ത്രണം വേണമെന്ന നിർദേശമാണ് കെ.എസ്.ഇ.ബി മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാല്‍ പ്രതിസന്ധി നീണ്ടുപോയാല്‍ ലോഡ്‌ഷെഡ്ഡിങ് അടക്കമുള്ള നടപടികള്‍ വേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടല്‍.

ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കപ്പെടുന്ന വൈകിട്ട് 6.45 മുതല്‍ രാത്രി 9 വരെ പരമാവധി ഉപഭോഗം കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പരമാവധി വൈദ്യുത ഉപകരണങ്ങള്‍ പകല്‍ പ്രവര്‍ത്തിപ്പിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെടുന്നു.

നിലവില്‍ മഴ ശക്തമായതിനാല്‍ പ്രതിദിന വൈദ്യുത ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും അതുവഴി നിലവിലെ പ്രതിസന്ധി പരിഹരിക്കാമെന്നുമാണ് കെ.എസ്.ഇ.ബി കരുതുന്നത്. സംസ്ഥാനത്ത് പ്രതിദിനം 3,620 മെഗാവാട്ട് വൈദ്യുതിയാണ് വേണ്ടിവരുന്നത്.

ABOUT THE AUTHOR

...view details