ന്യൂഡൽഹി: കേരളത്തില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ(എന്‍സിആര്‍ബി) ആണ് ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്. 2019നെ അപേക്ഷിച്ച് 2020ല്‍ ഇത്തരത്തിലുള്ള കേസുകളില്‍ 38.76 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. 2019ല്‍ 6584 സാമ്പത്തിക കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2020ല്‍ ഇത് 9136 ആയി ഉയര്‍ന്നു.
സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്. 2019നെ അപേക്ഷിച്ച് 38.76 ശതമാനം വര്‍ധനവാണ് ഇത്തരം കേസുകളിലുണ്ടായിട്ടുള്ളത്. 2019ല്‍ 307 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2020ല്‍ ഇത് 426 ആയി ഉയര്‍ന്നു.
മുതിര്‍ന്ന പൗരന്മാര്ക്കെതിരായ കേസുകളിലും സംസ്ഥാനത്ത് നേരിയ വര്‍ധനവുണ്ട്. 2019ല്‍ 683 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2020ല്‍ ഇത് 699 ആയി ഉയര്‍ന്നു. 2.34 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തരം കേസുകളില്‍ ഉണ്ടായിരിക്കുന്നത്.
ഇതോടെ 2019നെ അപേക്ഷിച്ച് 2020ല്‍ മൊത്തം കേസുകളിലും വര്‍ധനവുണ്ടായി. 2019നെ അപേക്ഷിച്ച് 22.4 ശതമാനമാണ് മൊത്തം കേസുകളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. 2019ല്‍ സംസ്ഥാനത്ത് ആകെ 453083 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2020ല്‍ ഇത് 554724 ആയി ഉയര്‍ന്നു.
കുറയുന്ന കുറ്റകൃത്യങ്ങള്‍
2019നെ അപേക്ഷിച്ച് 2020ല്‍ സ്ത്രീകള്‍, കുട്ടികള്‍, പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍ക്കെതിരായ കേസുകള്‍, പാരിസ്ഥിതിക കേസുകള്‍, വിദേശികള്‍ക്കെതിരായ കേസുകള്‍, മനുഷ്യക്കടുത്തുമായി ബന്ധപ്പെട്ട കേസുകള്‍, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകങ്ങള്‍ എന്നിവയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരായ കേസുകളില്‍ 11.54 ശതമാനത്തിന്റെ കുറവാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. 2019ല്‍ സ്ത്രീകള്‍ക്കെതിരായ 11462 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2020ല്‍ ഇത് 10139 കേസുകളായി കുറഞ്ഞു. കുട്ടികള്‍ക്കെതിരായ കേസുകളില്‍ 17.10 ശതമാനമാണ് കുറവ് വന്നത്. 2019ല്‍ കുട്ടികള്‍ക്കെതിരെ 4754 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2020ല്‍ ഇത് 3941 ആയി കുറഞ്ഞിട്ടുണ്ട്.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകളില്‍ സംസ്ഥാനത്ത് ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 64.48 ശതമാനത്തിന്റെ കുറവാണ് 2020ല്‍ ഇത്തരം കേസുകളിലുണ്ടായിട്ടുള്ളത്. 2019ല്‍ ഇത്തരത്തിലുള്ള 5054 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2020 ഇത് 1795 ആയി കുറഞ്ഞു.
also read: 'നാര്‍ക്കോട്ടിക് ജിഹാദ്' ; ബിഷപ്പിനെതിരെ കേസെടുക്കുന്നത് ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി
പട്ടിക ജാതിക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ 1.39 ശതമാനവും (858-846), പട്ടിക വര്‍ഗങ്ങള്‍ക്കെതിരായ കേസുകളില്‍ 7.14 ശതമാനവും (140-130) കുറവ് രേഖപ്പെടുത്തി. 2019ല്‍ 323 കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2020ല്‍ ഇത് 306ആയി കുറഞ്ഞു. ഇതോടെ 5.26 ശതമാനത്തിന്റെ കുറവാണ് ഇത്തരം കേസുകളിലുണ്ടായിരിക്കുന്നത്.
അതേസമയം ഐപിസി കേസുകളില്‍ കൂടുതല്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 91.1 ശതമാനം കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച ഗുജറാത്താണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 94.9 ശതമാനം കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച കേരളം രണ്ടാം സ്ഥാനത്തും, 91.7 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച തമിഴ്നാട് മൂന്നാം സ്ഥാനത്തുമാണുള്ളത്.