തിരുവനന്തപുരം:നഗരസഭയിലെ നിയമന ശിപാർശ കത്ത് കേസിൽ ക്രൈംബ്രാഞ്ച് മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴിയെടുക്കും. തുടർന്ന് സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ, കൗൺസിലർ ഡി ആര്‍ അനിൽ എന്നിവരുടെയും മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി മൂവരുടെയും മൊഴി നേരത്തെ അന്വേഷണസംഘം രേഖപ്പെടുത്തിയെങ്കിലും നിലവിൽ കേസെടുത്ത പശ്ചാത്തലത്തിൽ മേയർ അടക്കമുള്ളവരുടെ വിശദമായ മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.
കംപ്യൂട്ടറും മൊബൈൽ ഫോണുകളും പിടിച്ചെടുത്ത് തുടരന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്‍റെ ആലോചന. അതേസമയം ഏറെ കോളിളക്കം സൃഷ്‌ടിച്ച മേയറുടെ പേരിൽ പുറത്തുവന്ന വിവാദ നിയമന ശിപാർശ കത്ത് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കോര്‍പറേഷനിൽ തന്നെയാണ് കത്ത് തയ്യാറാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക നിഗമനം.