തിരുവനന്തപുരം :കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. ലെറ്റര്‍പാഡ് ആരോ തട്ടിയെടുത്തതാണെന്നും ഇത്തരത്തില്‍ ഒരു കത്ത് തയ്യാറാക്കിയിട്ടില്ലെന്നും മേയര്‍ മൊഴി നല്‍കി. അതേസമയം കോര്‍പറേഷന്‍ ജീവനക്കാരുടെ മൊഴിയും ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി.
'കത്ത് തയ്യാറാക്കിയിട്ടില്ല, ലെറ്റര്‍പാഡ് ആരോ തട്ടിയെടുത്തത്'; ക്രൈംബ്രാഞ്ചിന് വീണ്ടും മൊഴി നല്‍കി ആര്യ രാജേന്ദ്രന്‍ - സിപിഎം
എഫ്ഐആറിനെതിരെ വ്യാപക വിമര്‍ശനം നിലനില്‍ക്കെ കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്, ഇത്തരത്തില്‍ ഒരു കത്ത് തയ്യാറാക്കിയിട്ടില്ലെന്നും ലെറ്റര്‍പാഡ് ആരോ തട്ടിയെടുത്തതാണെന്നും മേയറുടെ മൊഴി
കത്ത് വ്യാജമാണെന്ന് വീണ്ടും ആവര്‍ത്തിച്ച മേയര്‍ ലെറ്റര്‍ പാഡിലെ ഒപ്പ് വ്യാജമായി സീല്‍ ചെയ്ത് തയ്യാറാക്കിയതാകാമെന്നും മൊഴി നല്‍കി. കത്തിനെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇതറിഞ്ഞതെന്നുമാണ് ജീവനക്കാരുടെ മൊഴി. എന്നാല്‍ സംഭവത്തില്‍ ക്രൈംബ്രാഞ്ച് തയ്യാറാക്കിയ എഫ്ഐആറിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പ്രതികളെക്കുറിച്ചറിയില്ലെന്ന എഫ്ഐആറിലെ പരാമര്‍ശവും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്. എന്നാല്‍ എവിടെ വച്ചാണ് മൊഴി രേഖപ്പെടുത്തിയതെന്നത് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തുന്നില്ല. നേരത്തെ സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ മൊഴി രേഖപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ആനാവൂര്‍ നാഗപ്പന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തുമോ എന്നതില്‍ വ്യക്തതയില്ല.