തിരുവനന്തപുരം: കേരള പൊലീസിന്‍റെ തോക്കുകൾ നഷ്ടപ്പെട്ടെന്ന സി.എ.ജിയുടെ കണ്ടെത്തൽ തെറ്റെന്ന് ക്രൈംബ്രാഞ്ച്. ഇൻസാസ് റൈഫിളുകൾ നഷ്ടപ്പെട്ടെന്ന സി.എ.ജിയുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരി, ഐ.ജി എസ്. ശ്രീജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്‌ച രാവിലെ 11 മണിക്ക് പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ നേരിട്ട് എത്തി പരിശോധന നടത്തി.
മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ തോക്കുകളുടെ നമ്പർ അടിസ്ഥാനമാക്കിയായിരുന്നു പരിശോധന. 660 ഇൻസാസ് റൈഫിളുകളിൽ 647 എണ്ണം എസ്.എ.പി ക്യാമ്പിലും ബാക്കി 13 എണ്ണം മണിപ്പൂരിലുള്ള ഐ.ആർ ബറ്റാലിയന്‍റെ കൈവശവുമാണുള്ളതെന്ന് പരിശോധനയിൽ വ്യക്തമായി.
മാര്‍ച്ച് 30ന് തിരിച്ചെത്തുന്ന ഐ.ആർ. ബറ്റാലിയന്‍റെ കൈവശമുള്ള തോക്കുകൾ വീണ്ടും പരിശോധിക്കുമെന്നും എന്തുകൊണ്ട് ഓഡിറ്റ് റിപ്പോർട്ടിൽ വ്യത്യാസം വന്നുവെന്നറിയാൻ സി.എ.ജി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുമെന്നും ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു.
അതേസമയം വെടിയുണ്ടകൾ നഷ്ടപ്പെട്ട സംഭവം ഗൗരവമാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. നിലവിൽ പ്രതിപ്പട്ടികയിലുള്ള 11 പൊലീസുകാർക്ക് പുറമേ കൂടുതൽ പേർ കേസിൽ പ്രതികളാകും. കേസിൽ ഉന്നതർക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷണ വിധേയമാക്കും. രണ്ട് മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം. എസ്.എ.പി ക്യാമ്പിലെ 25 ഇൻസാസ് റൈഫിളുകൾ കാണാനില്ലെന്നായിരുന്നു സിഎജി റിപ്പോർട്ടിലെ കണ്ടെത്തൽ.
എന്നാല്‍ പരിശോധനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കേരള പൊലീസ് തങ്ങളുടെ തോക്ക് നഷ്ടപ്പെട്ടെന്ന് ഒരിക്കലും പറയില്ല. തോക്കുകൾ മോഷ്‌ടിച്ചവർ തന്നെ സംഭവം വിവാദമായതോടെ തിരികെ കൊണ്ട് വച്ചതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. തോക്കുകളുടെ എണ്ണം പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥൻ കൊള്ളാമെന്നും ചെന്നിത്തല പരിഹസിച്ചു.