കിഴക്കിന്‍റെ ചക്രവാളത്തിൽ വിരിഞ്ഞ സൂര്യന് ഒരൽപ്പം ചുവപ്പുനിറം കൂടിയത് പോലെ... ഒരുപക്ഷേ ഇങ്ങ് ദൂരെ പടിഞ്ഞാറൻ കവാടത്തിൽ കേരളത്തിന്‍റെ സമരനായകൻ 98ന്‍റെ നിറവിൽ ഉദിച്ച് നിൽക്കുന്നത് കൊണ്ടാവാം.. അതേ, ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യുണിസ്റ്റിന്, ജനമനസുകളിലെ പ്രിയ വിഎസിന് ഇന്ന് 98 വയസ്...
ഒരുകാലത്ത് വിഎസ് എന്ന രണ്ടക്ഷരത്തിൽ വിരിഞ്ഞ വിപ്ലവ പ്രകമ്പനങ്ങളെല്ലാം ഇന്ന് കേരളത്തിന് അന്യമാണ്. പ്രായാധിക്യം മൂലം സജീവ രാഷ്ടീയത്തിൽ നിന്ന് ഏറെ കാലമായി അദ്ദേഹം അകന്നുനിൽക്കുന്നു. പിറന്നാള്‍ ആഘോഷങ്ങളും കുറച്ചുകാലമായിട്ടില്ല. പതിറ്റാണ്ടുകള്‍ നീണ്ട പേരാട്ട വഴികളിൽ നിന്ന് കവടിയാറിലെ വീട്ടിൽ വിശ്രമ ജീവിതത്തിലാണ് തന്‍റെ 98ാം വയസിൽ അദ്ദേഹം.
കർഷക സമരം മുതൽ സംസ്ഥാനത്തെ വിവാദ വിഷയങ്ങള്‍ വരെയുള്ള ചൂടുപിടിച്ച ദേശീയ,സംസ്ഥാന രാഷ്ട്രീയത്തിന്‍റെ പൊതുവേദികളിൽ അന്യമായ വിഎസിന്‍റെ നീട്ടി കുറുക്കിയ ശബ്ദം കേരളത്തിന് നഷ്‌ടം തന്നെയാണ്. പക്ഷേ വിഎസ് എന്ന പേരിൽ വിരിയുന്ന തലകുനിക്കാത്ത, സ്‌ഫുടതയുള്ള ആ നിലപാടുകളെ തളർത്താൻ 98 ന്‍റെ ജരാനരകള്‍ക്കും കഴിഞ്ഞിട്ടില്ല. പൊതുവേദികളിലെ അസാന്നിധ്യത്തിലും, എഴുതി തയ്യാറാക്കിയ പ്രസ്‌താവവനകളിലൂടെ വിഎസ് തന്‍റെ നിലപാടുകള്‍ ഇന്നും ലോകത്തോട് ഉറക്കെ പറയുന്നു.
വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന് 98 തികയുമ്പോള്‍ കേരള രാഷ്ട്രീയത്തിനും ഒരു വയസ് കൂടുകയാണ്. ഏഴാം ക്ലാസിൽ പഠിപ്പ് അവസാനിപ്പിക്കേണ്ടി വന്നതോടെ തുന്നൽ കടയിലും കയർ ഫാക്‌ടറിയിലും ജോലിചെയ്‌ത അച്യുതാനന്ദൻ, തൊഴിലാളികള്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ക്ക് സാക്ഷിയായതോടെയാണ് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്.
അന്ന് തൊട്ട് ഇന്നോളമുള്ള കേരള രാഷ്ട്രീയത്തിൽ വിഎസ് എന്ന പേരിന് അത്രമേൽ പ്രാധാന്യമുണ്ട്. 1940 ലാണ് വിഎസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മെമ്പറാകുന്നത്. ജന്മിത്ത ചൂഷണത്തിനെതിരെ പുന്നപ്രയിൽ ചെങ്കൊടി ഉയർത്തികൊണ്ടായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന്‍റെ സമര കാലഘട്ടത്തിന്‍റെ തുടക്കം. അന്ന് മുതൽ ഇന്ന് വരെയുള്ള വർളച്ചയും തളർച്ചയും നിറഞ്ഞ വിഎസിന്‍റെ പോരാട്ട പാതകള്‍ കൂടി നിറഞ്ഞതാണ് കേരള രാഷ്ട്രീയം.