കേരളം

kerala

ETV Bharat / state

നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ സിപിഎം; നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

പ്രകടനപത്രികയും സ്ഥാനാർഥി നിർണയവും അടക്കം ചർച്ചയ്ക്ക്

CPM Meetings news  Assembly Election news  CPM News  CPM Candidates news  CPM Manifesto news  സിപിഎം നേതൃയോഗങ്ങൾക്ക് തുടക്കം  നിയമസഭ തെരഞ്ഞെടുപ്പ് വാർത്തകൾ  സിപിഎം വാർത്തകൾ  സിപിഎം സ്ഥാനാർഥികൾ വാർത്ത  സിപിഎം പ്രകടനപത്രിക വാർത്ത
നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ സിപിഎം; നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

By

Published : Feb 2, 2021, 10:11 AM IST

തിരുവനന്തപുരം:ഭരണത്തുടർച്ച ലക്ഷ്യമിട്ട് നിയമസഭ തെരഞ്ഞെടുപ്പിന് തന്ത്രങ്ങൾ മെനയാൻ സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തുടർ ദിവസങ്ങളിൽ സംസ്ഥാന സമിതിയും ചേരും. തെരഞ്ഞെടുപ്പിന്‍റെ പ്രാരംഭ ചർച്ചകൾ തന്നെയാണ് യോഗങ്ങളിലെ പ്രധാന അജണ്ട. കൂടാതെ ഇടത് മുന്നണിയുടെ പ്രകടനപത്രികയും എൽഡിഎഫ് മേഖലാ ജാഥകളുടെ ഒരുക്കങ്ങളും നേതൃയോഗത്തിൽ ചർച്ചയാകും.

ജനക്ഷേമ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് ഇടത് മുന്നണിയുടെ തീരുമാനം. ഇതേരീതിയിൽ പ്രകടനപത്രിക തയാറാക്കുന്നതിന് ഉപസമിതിയെയും എൽഡിഎഫ് നിയോഗിച്ചിട്ടുണ്ട്. ഇതിലേക്ക് സിപിഎമ്മിന്‍റെ നിർദേശങ്ങൾ എന്തൊക്കെയാണെന്നും നേതൃയോഗം ചർച്ച ചെയ്‌ത് തീരുമാനിക്കും. മതാധിഷ്‌ഠിത വർഗീയ പാർട്ടികളുമായുള്ള കോൺഗ്രസ് ബന്ധം ചർച്ചയാക്കാൻ സിപിഎം ഇപ്പോൾ തന്നെ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതെങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നും നേതൃയോഗം തീരുമാനിക്കും.

ഇടതുമുന്നണിയിലെ സീറ്റ് വിഭജനം സംബന്ധിച്ചും ചർച്ച നടക്കും. കേരള കോൺഗ്രസ് (എം), എൽജെഡി തുടങ്ങിയ കക്ഷികൾ കൂടി മുന്നണിയിലേക്ക് വന്ന സാഹചര്യത്തിൽ ചില സീറ്റുകൾ സിപിഎം വിട്ടു കൊടുക്കേണ്ടി വരാനാണ് സാധ്യത. ഇത് ഏതൊക്കെയാണെന്ന പ്രാരംഭ ചർച്ചയാണ് സംസ്ഥാനസമിതി യോഗത്തിൽ നടക്കുക. ഇതോടൊപ്പം തന്നെ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്കും നേതൃയോഗങ്ങള്‍ കടക്കും. രണ്ടുവട്ടം മത്സരിച്ചവർ മാറിനിൽക്കണമെന്ന് കർശനനിർദേശം സിപിഎമ്മിന് കേന്ദ്രനേതൃത്വത്തിൽ നിന്ന് ഉണ്ടായിട്ടുണ്ട്. എന്നാൽ ജയസാധ്യത കൂടി പരിഗണിച്ചാകും ഈ കാര്യത്തിൽ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുക. ജയസാധ്യതയുള്ളവർക്ക് ഇളവ് നൽകാനും സാധ്യതയുണ്ട്. ഇതോടൊപ്പം തന്നെ പെട്രോൾ വിലവർധനവിലും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെയും പ്രതിഷേധം നടത്താൻ ഇടത് മുന്നണി തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച ചർച്ചയും സിപിഎം നേതൃയോഗങ്ങളിൽ ഉണ്ടാകും.

ABOUT THE AUTHOR

...view details