തിരുവനന്തപുരം: സൗജന്യ വാക്‌സിന്‍ ലഭിച്ചവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുന്ന വാക്‌സിന്‍ ചലഞ്ചില്‍ സിപിഎമ്മും പങ്കാളിയാകുന്നു. വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം അംഗങ്ങളും അനുഭാവികളും സംഭാവന നല്‍കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇത്തരമൊരു തീരുമാനമെടുത്തത്. കേന്ദ്രസര്‍ക്കാരിന്‍റെ വാക്‌സിന്‍ നയം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.
വാക്സിന്‍ സൗജന്യമായി കേന്ദ്രം തന്നില്ലെങ്കിലും ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന സംസ്ഥാന സര്‍ക്കാർ നിലപാട് സ്വാഗതാര്‍ഹമാണ്. കേന്ദ്രത്തിന്‍റെ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് മുഴുവന്‍ മലയാളികളും പിന്തുണ നല്‍കണം. കേരളീയര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിന് 1300 കോടിയുടെ അധിക ചിലവുണ്ടാകുമെന്നാണ് പ്രഥമിക വിലയിരുത്തല്‍.