തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. രണ്ടാം പിണറായി സർക്കാരിന്‍റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്താനിരിക്കുന്ന പരിപാടികളുടെ തയാറെടുപ്പുകൾ യോഗം ചർച്ച ചെയ്യും. അതേസമയം ഈസ്റ്റർ ദിനത്തിലെ ബിജെപിയുടെ അരമന സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. ഇതേക്കുറിച്ചുള്ള ചർച്ചകളും യോഗത്തിൽ ഉണ്ടാകും.
ബിജെപിയുടെ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനമാണ് സിപിഎം ഉന്നയിച്ചത്. അതേസമയം ബിജെപിയുടെ നീക്കങ്ങളെ കരുതലോടെ നേരിടാനാണ് സിപിഎമ്മിന്‍റെ തീരുമാനം. ക്രൈസ്‌തവ മേലധ്യക്ഷന്‍മാരെയും വിശ്വാസികളെയും പ്രകോപിപ്പിക്കാതെ ബിജെപിയുടെ നീക്കങ്ങളെ തുറന്ന് കാണിക്കാനുള്ള ശ്രമങ്ങള്‍ നടത്താനാണ് തീരുമാനം. ഇതിന് പുറമെ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചർച്ച ചെയ്യും.
മതമേലധ്യക്ഷന്‍മാരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ വേണ്ടെന്നാണ് നേതാക്കള്‍ക്ക് പാർട്ടി നല്‍കിയിരിക്കുന്ന നിർദേശം. ഇത്തരം പ്രതികരണങ്ങൾ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയാണ് പുതിയ തീരുമാനം. റബ്ബറിന്‍റെ താങ്ങുവില 300 രൂപയാക്കിയാല്‍ ബിജെപിക്ക് കേരളത്തില്‍ നിന്നൊരു എംപിയെ തരാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്‌താവനയിലും സിപിഎമ്മിന്‍റെ ഭാഗത്തുനിന്നും രൂക്ഷമായ പ്രതികരണങ്ങൾ ഉണ്ടായിരുന്നില്ല.
അതേസമയം വിഷു ദിനത്തിലും ക്രൈസ്‌തവരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ആഘോഷ പരിപാടികൾക്കാണ് ബിജെപി ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനുള്ള ബിജെപി നീക്കം സിപിഎമ്മിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുമുണ്ട്.
ഇതിന് പുറമെ ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കപരിഹാരത്തിനായി കൊണ്ടുവരുന്ന ചര്‍ച്ച് ബില്‍ കൂടി പ്രാബല്യത്തിൽ വരുമ്പോൾ ഒരു വിഭാഗം സര്‍ക്കാറിന് എതിരാകും എന്ന് ഉറപ്പാണ്. ഇതെല്ലം മുന്നിൽ കണ്ടുകൊണ്ടാണ് ബിജെപിയുടെ നീക്കം. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണത്തിലും സിപിഎം ഈ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ബിജെപി നേതാക്കളെ പഴയ പ്രസ്‌താവനകളടക്കം ഉയര്‍ത്തി ആക്രമിക്കാനാണ് സിപിഎം സോഷ്യല്‍ മീഡിയ കേന്ദ്രങ്ങളുടെയും ശ്രമം.
മുതിര്‍ന്ന നേതാക്കളുണ്ടായിരുന്നിട്ടും വിചാരധാരയടക്കം ഉയര്‍ത്തി ബിജെപി നീക്കത്തിനെതിരെ വിമര്‍ശനത്തിന് തുടക്കമിട്ടത് മന്ത്രി മുഹമ്മദ് റിയാസായിരുന്നു. ന്യൂനപക്ഷ വിരുദ്ധ മറുപടി ബിജെപി നേതാക്കളില്‍ നിന്നുണ്ടാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു ഈ നീക്കം. സിപിഎമ്മിന്‍റെ ഈ തന്ത്രത്തില്‍ ബിജെപി വീഴുക തന്നെ ചെയ്‌തു.
Also Read: 'മന്ത്രി റിയാസിന് മത തീവ്രവാദ സംഘടനകളുമായി ബന്ധം; ജനങ്ങളുമായി ബിജെപിയുടെ സമ്പർക്കം കണ്ട് വിളറി പിടിക്കേണ്ട': ഗുരുതര ആരോപണങ്ങളുമായി കെ സുരേന്ദ്രൻ
സിപിഎം കൂടുതല്‍ മുസ്‌ലിം വത്കരിക്കപ്പെട്ടതായും മുസ്‌ലിങ്ങളുടെ പിന്തുണയോടെ വീണ്ടും അധികാരത്തില്‍ വരാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശ്രമമെന്നുമായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ പ്രതികരണം. മന്ത്രി റിയാസിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ സിപിഎം നേതാക്കള്‍ സംഘടിതമായി തന്നെ സുരേന്ദ്രന് മറുപടി നല്‍കാനാണ് തീരുമാനം. ബിഷപ്പുമാരുമായുള്ള - നേതാക്കളുടെ കൂടിക്കാഴ്‌ചകളില്‍ ബിജെപിയെ മാത്രം വിമര്‍ശിച്ച് വിശ്വാസത്തിലേക്ക് കടക്കാതെ രാഷ്ട്രീയമായി തന്നെ വിഷയത്തെ ഉയര്‍ത്താനാണ് സിപിഎം ലക്ഷ്യമിടുന്നത്.